പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം, നിന്റെ മുന്നില്‍ യുപി ഭരണകൂടം വിറച്ചുപോയെന്ന് രാഹുല്‍

ലക്‌നൗ: സഹോദരി പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി. പ്രിയങ്കയുടെ ധൈര്യത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം വിറച്ചുപോയെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.

‘പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ലഖിംപുര്‍ ഖേരിയിലെത്തിയത്. പൊലീസ് പ്രിയങ്കയെ തടഞ്ഞതോടെ സ്ഥിതി വഷളായി. വാറന്റു കാണിക്കൂ, ഇല്ലെങ്കില്‍ താന്‍ ഇവിടെ നിന്നും പോകില്ലെന്ന് പ്രിയങ്ക പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പ്രിയങ്കയെ പിടിച്ചുവലിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് കര്‍ഷകരുടെ രാജ്യമെന്നും കര്‍ഷകരെ കാണുന്നതില്‍നിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രിയങ്കയെ ഹാര്‍ഗാവില്‍നിന്നു അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ട്വീറ്റ് ചെയ്തു. നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്‌നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു.

Top