കോൺഗ്രസ് അധ്യക്ഷ പദം: നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ

കൊച്ചി: കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. ഇതു സംബന്ധിച്ച ചോദ്യത്തിന്, തന്റെ മുൻ വാർത്താ സമ്മേളനങ്ങൾ പരിശോധിച്ചാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിലാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

കോൺഗ്രസ് അധ്യക്ഷപദവി ചരിത്രപരമാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. അതു കേവലം സംഘടനാ പദവിയല്ല. ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണത്. അധ്യക്ഷപദവിയിൽ ആരായാലും അത് ഉൾക്കൊണ്ടു പ്രവർത്തിക്കണം.

ഏതു കോൺഗ്രസുകാരനും കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ നിലപാടെന്ന് രാഹുൽ പറഞ്ഞു. മത്സരിക്കുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പല തവണ മറുപടി പറഞ്ഞതാണ്. അതു പരിശോധിച്ചാൽ തനിക്കു പറയാനുള്ളതു വ്യക്തമാവുമെന്ന് രാഹുൽ പറഞ്ഞു.

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കാവും ഇതിൽ കൂടുതൽ നന്നായി മറുപടി പറയാനാവുകയെന്ന് രാഹുൽ പ്രതികരിച്ചു. ഏതു തരത്തിലുള്ള വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്ന്, പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡിനോടു പ്രതികരിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

Top