പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തു:ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണച്ച് ലോക്സഭയില്‍ വോട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ‘പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുന്നു’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. എന്നാല്‍ ശിവസേനയുടെ പാര്‍ട്ടി പത്രമായ സമ്‌നയില്‍ ബില്‍ രാജ്യത്ത് അദൃശ്യ വിഭജനത്തിന് വഴിയൊരുക്കുമെന്ന് പറഞ്ഞിരുന്നു. ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ശിവസേന അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കുവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചത്.

വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്.

ബില്ല് പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മുസ്ലീം വിവേചനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധമാണ് ഉയരുന്നത്. അസമില്‍ 12 മണിക്കൂര്‍ ബന്ദും നിരവധി അക്രമ സംഭവങ്ങളും നടക്കുകയാണ്.

ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്നാണ് സൂചന. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്രിസ്ത്യന്‍ബുദ്ധജൈനപാര്‍സി സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

Top