ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി: രാഹുൽ ഗാന്ധി

ഡൽഹി: ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർജിക്കൽ സ്ട്രൈകുമായി ബന്ധപ്പെട്ട് പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളിയ രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന് അങ്ങിനെ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുലാം നബി ആസാദിനോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Top