ഡൽഹിയിൽ ‘നിറംമങ്ങിയ’ രാഹുൽ, വയനാട്ടിൽ ഹീറോയാവാൻ നോക്കുന്നു

രാത്രിയും പകലും എന്ന ഭേദമില്ലാതെ കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ മുട്ടുവിറച്ചവരാണിപ്പോൾ സി.പി.എം കേന്ദ്ര കമ്മറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഫർണ്ണിച്ചറുകൾ തകർന്നതിനേക്കാൾ എത്രയോ ഗുരുതരമാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുക എന്നത്. പ്രത്യേകിച്ച് അറസ്റ്റിനു മുന്നോടിയായുള്ള ചോദ്യം ചെയ്യല്ലെന്ന് പരക്കെ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട പ്രകാരമാണ് രാഹുലിനെയും സോണിയയെയും എൻഫോഴ്സ്മെന്റ് കുരുക്കാൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തിയവരെ പൊലീസ് തൂക്കിയെടുത്തപ്പോഴും കേരളത്തിൽ ഉൾപ്പെടെ, ഒരു ‘ഇല’പോലും അനങ്ങിയിരുന്നില്ല. കേരളത്തിലെ എം.പിമാരുടെ ഒരു മാധ്യമ ‘ഷോ’ മാത്രമായാണ് പലപ്പോഴും ഇ.ഡിക്കെതിരായ പ്രതിഷേധങ്ങൾ മാറിയിരുന്നത്. ഇ ഡിയെ പറഞ്ഞുവിട്ട ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കാത്തവർ എം.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയിരിക്കുന്നത് ശക്തമായ പ്രതിഷേധമാണ്. പൊലീസിനെ തുരത്തിയും റോഡ് തടത്തും പ്രതിഷേധം നടത്തിയ കോൺഗ്രസ്സുകാർ ഒടുവിൽ സി.പി.എം കേന്ദ്ര കമ്മറ്റി ഓഫീസിലേക്കും മാർച്ച് നടത്തുകയുണ്ടായി. രാഹുലിനെ പ്രീതിപ്പെടുത്താൻ ഒരു വിഭാഗം നേതാക്കൾ സംഘടിപ്പിച്ച തട്ടിക്കൂട്ട് മാർച്ചായിരുന്നു അത്.

എസ്.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ ആക്രമണങ്ങളെ ആ സംഘടനയും സി.പി.എം നേതൃത്വവും തള്ളിപ്പറയുകയും സർക്കാർ കർശന നടപടിയിലേക്ക് കടക്കുകയും ചെയ്തിട്ടും പ്രതിഷേധം കത്തിച്ചു നിർത്താനാണ് കോൺഗ്രസ്സ് നിലവിൽ ശ്രമിക്കുന്നത്. രാജ്യമാകെ ‘മരണശയ്യയിലായ’ പാർട്ടിക്ക് ജീവൻ നൽകുന്നതിനു വേണ്ടിയുള്ള അവസാന ശ്രമമാണിത്. ബി.ജെ.പിക്കെതിരെ തിരിഞ്ഞാൽ വിവരമറിയും എന്നതിനാൽ സി.പി.എമ്മിനെതിരെ കിട്ടിയ അവസരമാണ് അവർ ശരിക്കും ഉപയോഗപ്പെടുത്തുന്നത്. അതാകട്ടെ ഇപ്പോഴും തുടരുകയുമാണ്.

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാർച്ചിൽ അരുതാത്തത് സംഭവിച്ചതു കൊണ്ടു മാത്രമാണ് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇപ്പോൾ പ്രതികരിക്കാതെ പിന്നോട്ട് പോയിരിക്കുന്നത്. എന്നാൽ, ഇതൊരു അവസരമായി കണ്ട് വലിയ ‘ഷോ’ കാണിക്കാൻ ഇനിയും കോൺഗ്രസ്സുകാർ രംഗത്തിറങ്ങിയാൽ അതിന്റെ പ്രത്യാഘാതവും ഗുരുതരമാകാനാണ് സാധ്യത.

സി.പി.എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും നിരവധി ബോർഡുകൾ ഉൾപ്പെടെ, കോൺഗ്രസ്സുകാർ നശിപ്പിച്ചിട്ടുണ്ട്. ഇതിൽ, സി.പി.എം പ്രവർത്തകർക്കിടയിൽ, പ്രതിഷേധവും ശക്തമാണ്. നേതൃത്വം തൽക്കാലം ‘പ്രതികരിക്കേണ്ട’ എന്നു നിർദ്ദേശം നൽകിയതിനാൽ മാത്രമാണ്, അവർ പ്രതികരിക്കാതിരിക്കുന്നത്. ഈ യാഥാർത്ഥ്യവും കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയുന്നത് നല്ലതാണ്.

കുട്ടികൾ നടത്തിയ ഒരു മാർച്ചിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായി തീർച്ചയായും അത് സംഭവിക്കാൻ പാടില്ലാത്തതു തന്നെയാണ്. എന്നാൽ, അതും ചൂണ്ടിക്കാട്ടി കോൺഗ്രസ്സുകാർ ആക്രമണ പ്രവർത്തനങ്ങൾ തുടരുന്നത് അംഗീകരിക്കാൻ കഴിയുകയില്ല. ഇത്രയും വലിയ പ്രതിഷേധം ഉയർത്തേണ്ട ഒരു പ്രാധാന്യവും വയനാട് സംഭവത്തിനില്ല. മുൻപും കേരളത്തിൽ മാർച്ചുകൾ നടന്നിട്ടുണ്ട്. ആക്രമണങ്ങളും അരങ്ങേറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു ‘വികാരം’ ഇന്നു കോൺഗ്രസ്സിനു ഉണ്ടായിരിക്കുന്നത് അത് രാഹുൽ ഗാന്ധിയുടെ ഓഫീസായതു കൊണ്ടാണ് എങ്കിൽ ആ ധാരണയാണ് ആദ്യം കോൺഗ്രസ്സുകാർ തിരുത്തേണ്ടത്. എസ്.എഫ്.ഐ മാർച്ച് നടത്തിയത് വയനാട് എം.പിയുടെ ഓഫീസിലേക്കാണ്. എം.പി ഇപ്പോൾ രാഹുൽ ഗാന്ധി ആയിപ്പോയതാണ് കോൺഗ്രസ്സിന്റെ പ്രശ്നം. അതു കൊണ്ടാണ് അവർ എ.ഐ.സി.സി ഓഫീസിനു നേരെയുണ്ടായ ആക്രമണം പോലെ വിഷയത്തെ പർവ്വതീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ‘നേട്ടം’ തന്നെയാണ് ‘നോട്ടം’ എന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. കേന്ദ്ര ഏജൻസി കുടഞ്ഞപ്പോൾ”വെള്ളത്തിൽ വീണ ‘പൂച്ചയെ ‘ പോലെയായ” രാഹുൽ ഗാന്ധിയാണിപ്പോൾ വയനാട്ടിൽ കുതിച്ചെത്തി ‘ഹീറോ’ ആകാൻ ശ്രമിക്കുന്നത്. പരിഹാസ്യമായ നിലപാടാണിത്. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top