‘അഭിനന്ദനങ്ങള്‍, മഹത്തായ വാര്‍ത്താ സമ്മേളനം ! മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി രാഹുല്‍ ഗാന്ധി. ‘അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ‘ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് മോദി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് വാര്‍ത്താ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു നരേന്ദ്രമോദിയുടെ കടന്നു വരവ്.

പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി യോടാണ് ചോദ്യമെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാൻ തയ്യാറായില്ല.

അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി. രാജ്യം ഇനിയും മുന്നോട്ട് പോകാനുണ്ട്. അടുത്ത തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും, വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും മോദി പിന്നീട് അറിയിച്ചു.

മോദി ഭരണം വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷായും പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തെരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

Top