ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ശശി തരൂര്‍

sasi-tharoor

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് തരൂര്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചാല്‍ 20 സീറ്റിലും ഗുണം ചെയ്യുമെന്നും തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തു നില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Top