പിതൃകര്‍മം നടത്താന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തി ; സുരക്ഷ ശക്തം

തിരുനെല്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തി. തിരുനെല്ലിയിലെ ബലിതര്‍പ്പണത്തിന് ശേഷം രാഹുല്‍ വയനാട് മണ്ഡലത്തിലെ മൂന്നിടത്ത് പ്രസംഗിക്കും. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് രാഹുല്‍ ഇന്ന് പ്രസംഗിക്കുന്നത്.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു ക്ഷേത്രദര്‍ശനത്തിനായി രാഹുല്‍ വയനാട്ടില്‍ എത്തിയത്. തിരുനെല്ലി യുപി സ്‌കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനം പ്രമാണിച്ച് തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധനയും നടത്തിയിരുന്നു.

1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്തത്

Top