പ്രതിപക്ഷ ആരോപണം അസംബന്ധം; എസ്എഫ്ഐയെ തള്ളി എം എ ബേബിയും

കൊല്ലം: മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും പിന്നാലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി . ഒരു കാരണവശാലും ന്യായീകരിക്കാത്ത പ്രവർത്തനം എന്നാണ് അക്രത്തെക്കുറിച്ച് എം എ ബേബി പറഞ്ഞത്. എന്നാൽ, ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കാനുള്ള സാംസ്കാരിക സാക്ഷരത കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ഇത് മോദിയെ സുഖിപ്പിക്കാനുള്ള ആക്രമണമെന്ന തരത്തിൽ കെ സി വേണു​ഗോപാൽ അടക്കമുള്ള കോൺ​ഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോൾ എം എ ബേബി നിഷേധിച്ചിരിക്കുന്നത്. നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കൺവീന‍ർ ഇ പി ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി പറഞ്ഞു.

Top