കോടികൾ വിതറി ‘നേട്ടം’ ഉറപ്പിക്കുവാൻ കോർപ്പറേറ്റുകളും സജീവമായി രംഗത്ത്

രാജ്യത്ത് കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും അധികം തിരഞ്ഞെടുപ്പ് ഫണ്ട് ഇത്തവണ ലഭിക്കുക ബി.ജെ.പിക്ക്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയവും പ്രിയങ്ക ഗാന്ധിയുടെ വരവും കോണ്‍ഗ്രസ്സിന്റെ ദാരിദ്രവും തീര്‍ക്കും.

വ്യവസായ പ്രമുഖര്‍ക്ക് ഇപ്പോഴും താല്‍പ്പര്യം ബി.ജെ.പിയോട് തന്നെയാണ്. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് അവരുടെ പ്രതീക്ഷ.

എന്നാല്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കാനുള്ള സാധ്യതയും വ്യവസായ ലോകം തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിനും തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം കൊയ്ത്താകും. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ്സ് കടുത്ത ദാരിദ്രം അനുഭവിച്ചത് മോദിയുടെ ഭരണം വന്നതിനെ തുടര്‍ന്നാണ്. ഈ ദാരിദ്രത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

വ്യവസായികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ധനസഹായം ബി.ജെ.പിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ പിന്നെ ലഭിക്കുക എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി, വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ്, ഡി.എം.കെ, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ക്കാണ്. കൂട്ടുകക്ഷി ഭരണം അനിവാര്യമായാല്‍ ഈ പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും എന്നതിനാലാണ് ഈ പരിഗണന. വിജയ സാധ്യത ആര്‍ക്കാണ്, ഏതൊക്കെ പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും എന്നതിനെക്കുറിച്ച് ഇതിനകം തന്നെ ചില കോര്‍പ്പറേറ്റ് കമ്പനികള്‍ സര്‍വേ തന്നെ നടത്തുന്നുണ്ടെന്നാണ് സൂചന. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹായ ധനം വര്‍ദ്ധിപ്പിക്കാനാണ് നീക്കം.

തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ നേട്ടം കൊയ്യുമെങ്കിലും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് മുന്നേറ്റം നടത്തുമെന്നാണ് വ്യവസായ ലോകം കരുതുന്നത്. തമിഴ് നാട്ടില്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കില്‍ ഡി.എം.കെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ബീഹാറില്‍ ആര്‍.ജെ.ഡിക്ക് സാധ്യത കല്‍പ്പിക്കുമ്പോഴും യു.പിയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പ്രിയങ്കയുടെ സാന്നിധ്യം എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന കാര്യത്തിലാണ് ആശങ്ക. എങ്കിലും എസ്.പിയെയും ബി.എസ്.പിയെയും പിണക്കാന്‍ വ്യവസായ ലോകം തയ്യാറല്ല. ഏത് സര്‍ക്കാര്‍ വന്നാലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ഈ മുന്‍ കരുതല്‍. ചരിത്രത്തിലെ ഏറ്റവും വലിയ പണാധിപത്യ തിരഞ്ഞെടുപ്പായി ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പ് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കോര്‍പ്പറേറ്റുകളുടെ പിന്നാലെ പോകാതെ ജനകീയ പിരിവില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ഓരോ വീടുകളിലും കയറി ഇറങ്ങിയും സാധാരണ ജനങ്ങളെ സമീപിച്ചും തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനാണ് സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാജ്യം ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് യുദ്ധമാണ് നടക്കാനിരിക്കുന്നത് എന്നതിനാല്‍ സര്‍വ്വ ശക്തിയുമെടുത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നത്.

സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ ഈ രംഗത്ത് വലിയ ശ്രദ്ധയാണ് ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ വയ്ക്കുന്നത്.

പ്രചരണത്തിനായി പെട്ടെന്ന് പറന്നെത്താന്‍ ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തില്‍ ബി.ജെ.പി ഇതിനകം തന്നെ കോണ്‍ഗ്രസ്സിന് മുന്നില്‍ എത്തിക്കഴിഞ്ഞു. ഹെലികോപ്റ്റര്‍ തങ്ങള്‍ക്ക് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് ആനന്ദ് ശര്‍മ്മ തന്നെ സമ്മതിക്കുന്നു. 4000 കോടി രൂപ ബി.ജെ.പി ഇതിനോടകം പ്രചാരണത്തിനും പരസ്യത്തിനുമായി ചെലവിട്ടതായാണ് കോണ്‍ഗ്രസ്സ് പ്രചാരണ വിഭാഗം തലവന്‍ കൂടിയായ ആനന്ദ് ശര്‍മ്മയുടെ ആരോപണം.

ഫെബ്രുവരി ഇരുപതോടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.

political reporter

Top