‘സവർക്കറെ അപമാനിക്കരുത്, ബഹുമാനിക്കണം’; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന

മുംബൈ : വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്ന് ശിവസേന. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവര്‍ക്കറും നിലകൊണ്ടിട്ടുണ്ടെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

നെഹ്‌റുവിനേയും ഗാന്ധിയേയും പോലെ രാജ്യത്തിനായി അദ്ദേഹവും ജീവന്‍ ത്യാഗം ചെയ്തു. അത്തരത്തിലുള്ള എല്ലാവരും ആദരിക്കപ്പെടുന്നു. അതിലൊന്നും വീട്ടുവീഴ്ചയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

മോദിയുടെ സ്വപ്ന പദ്ധതി ‘മേക്ക് ഇൻ ഇന്ത്യ’യെ കളിയാക്കി ‘റേപ്പ് ഇൻ ഇന്ത്യ’ എന്ന് പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയാൻ വിസമ്മതിച്ച രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആ‌ഞ്ഞടിച്ചിരുന്നു. എന്നാൽ സത്യം പറഞ്ഞതിന് താനെന്തിന് മാപ്പ് പറയണം എന്നാണ് രാഹുൽ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ ‘ഭാരത് ബച്ചാവോ’ റാലിയിൽ പറഞ്ഞത്.

‘എന്‍റെ പേര് രാഹുൽ സവർക്കർ എന്നല്ല, എന്‍റെ പേര് രാഹുൽ ഗാന്ധി’ എന്നാണ്. ഒരു കാരണവശാലും സത്യം പറഞ്ഞതിന്‍റെ പേരിൽ ഞാൻ മാപ്പ് പറയില്ല. അങ്ങനെ ഒരു കോൺഗ്രസുകാരനും മാപ്പ് പറയേണ്ടതില്ല. ഈ രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി തച്ചുടച്ചതിന് നരേന്ദ്രമോദിയും അസിസ്റ്റന്‍റ് അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്’, ഡല്‍ഹിയിലെ രാംലീല മൈതാനിയിൽ നടത്തിയ വൻ റാലിയിൽ രാഹുൽ പറഞ്ഞു.

Top