രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വീഴരുത്: കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ്. പ്രവര്‍ത്തകസമിതിയുടെ പവിത്രതയെ മാധ്യമങ്ങള്‍ ബഹുമാനിക്കണം. ഉഹാപോഹങ്ങളിലും അനുമാനങ്ങളിലും വീഴരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജെവാല പറഞ്ഞു.

അതേസമയം രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ പുതുതായി തിരഞ്ഞെടുത്ത എംപിമാരുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയടക്കം എല്ലാ പരിപാടികളും രാഹുല്‍ റദ്ദാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തോടെയാണ് രാഹുലിന്റെ രാജി സജീവ ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനം പിന്‍വലിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലിനേയും അഹമ്മദ് പട്ടേലിനേയും കണ്ട് രാവിലെ രാഹുല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top