രാഹുല്‍ ഗാന്ധി ഇന്ന് കര്‍ഷകരെ കാണും; ഒക്ടോബര്‍ 2ന് രാജ്യവാപക ധര്‍ണ

ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. കാര്‍ഷിക-തൊഴിലാളി വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് 10 മണിക്ക് കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തും.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബാണ് കര്‍ഷ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രം. പഞ്ചാബിലെ ജലന്തര്‍, അമൃത്സര്‍, താന്‍ഡ, മുകേറിയന്‍, ഫിറോസ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ സെപ്തംബര്‍ 24ന് ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം ഇപ്പോഴും പുരോഗമിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കര്‍ഷകര്‍ക്കൊപ്പം തെരുവില്‍ പ്രതിഷേധിക്കുകയാണ്.

പഞ്ചാബിന് പുറമേ ഉത്തര്‍പ്രദേശ്, ഹരിയാന, തെലുങ്കാന, ഗുജറാത്ത്, ഗോവ, ഒഡിഷ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. തിങ്കളാഴ്ച്ച ഡല്‍ഹി ഗേറ്റില്‍ കോണ്‍ഗ്രസ് യൂത്ത് വിംങിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Top