ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ രാഹുല്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികം: സ്മൃതി ഇറാനി

Smriti Irani

ന്യൂഡല്‍ഹി: തൃണ മൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ റാലിയെ പിന്തുണച്ച് കത്തയച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരിഹാസം നടത്തിയത്.

ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നാണ് രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ എസ്.പിയും മായാവതിയുടെ ബിഎസ്പിയും തമ്മില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് സഖ്യമുണ്ടാക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി റാലി നടത്തുന്നത് അവര്‍ക്കൊന്നും ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

മമത ബാനര്‍ജിയുടെ പ്രതിപക്ഷ റാലി ശനിയാഴ്ചയാണ് കൊല്‍ക്കത്തയില്‍ നടക്കുന്നത്. 20 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റാലിക്കെത്തില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജിന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. റാലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രാഹുല്‍ഗാന്ധി ഇന്ന് മമതയ്ക്ക് കത്തയച്ചിരുന്നു.

Top