rahul gandhi Likely To Cancel China Visit After 11-Day Holiday Is Criticised

ന്യൂഡല്‍ഹി: വിനോദസഞ്ചാരത്തില്‍ നിയന്ത്രണം വരുത്താന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ഒഴിവുകാലസഞ്ചാരത്തില്‍ നിയന്ത്രണം വരുത്തുന്നതിനെ കുറിച്ച് രാഹുല്‍ ആലോചിക്കുന്നത്. 11 ദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുല്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുമെന്നാണ് സൂചന.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്ന കാര്യം വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് പോകുന്ന പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കേണ്ടത് രാഹുല്‍ ഗാന്ധി ആയിരുന്നു.

രാഹുല്‍ പോകുമോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ പാര്‍ട്ടി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം അമ്മ സോണിയാ ഗാന്ധിക്കൊപ്പം മടങ്ങിയ രാഹുല്‍ മാധ്യമങ്ങളെ കാണാന്‍ തയാറായില്ല.

പഞ്ചാബില്‍ ഇന്ന് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങുമെങ്കിലും നാല്‍പ്പതോളം സീറ്റുകളിലെ സ്ഥാനാര്‍ഥികളെപ്പറ്റി തീരുമാനമായിട്ടില്ല. രാഹുല്‍ മടങ്ങിയെത്തുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ രാഹുല്‍ 56 ദിവസത്തോളം രാജ്യത്ത് നിന്ന് മാറിനിന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

Top