തടവിലുള്ള നേതാക്കളെ കാണാന്‍ ശ്രമിച്ചു; രാഹുലിനെ മടക്കി അയച്ചതിനെക്കുറിച്ച് ഗവര്‍ണര്‍

ശ്രീനഗര്‍: വീട്ടു തടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചതെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി വിലയിരുത്താനാണ് രാഹുലിനോട് താന്‍ അവിശ്യപ്പെട്ടതെന്നും എന്നാല്‍ വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ് രാഹുല്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെയും സംഘത്തെയും കശ്മീരില്‍ നിന്ന് മടക്കി അയച്ചതെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നത്.

ശനിയാഴ്ചയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കശ്മീരിലെത്തിയത്. എന്നാല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

ജമ്മു- കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

ഈ സമയത്ത് നേതാക്കള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത് സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്.

Top