കശ്മീര്‍ ശാന്തമാകുന്നതുവരെ കാത്തിരിക്കണം, രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മായാവതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ സംഘം കശ്മീര്‍ സന്ദര്‍ശിക്കുവാന്‍ പോയ നടപടിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.

നേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ബിജെപിക്കും ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്ന് മായാവതി തുറന്നടിച്ചു. കശ്മീരിലെ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണമെന്നും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കണമെന്നും മായാവതി പറഞ്ഞു.

ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തുവാന്‍ ഇനിയും സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്‌നം വഷളാക്കും, മായാവതി വ്യക്തമാക്കി.

അതേസമയം, കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി വിലയിരുത്താനാണ് രാഹുലിനോട് താന്‍ അവിശ്യപ്പെട്ടതെന്നും എന്നാല്‍ വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ് രാഹുല്‍ ശ്രമിച്ചതെന്നും അതുകൊണ്ടാണ് അദ്ദേഹത്തെയും സംഘത്തെയും കശ്മീരില്‍ നിന്ന് മടക്കി അയച്ചതെന്നുമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നത്.

ശനിയാഴ്ചയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കശ്മീരിലെത്തിയത്. എന്നാല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

ജമ്മു- കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

Top