കോടതിയലക്ഷ്യക്കേസ്: രാഹുലിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി:റഫാല്‍ കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. രാഹുലിന് കേസില്‍ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല എന്ന് രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചതോടെ കോടതി നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന തന്റെ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ച് രാഹുല്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.

അതേസമയം രാഹുലിന്റെ ഖേദപ്രകടനം കോടതി തള്ളി. കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് രാഹുലിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. റാഫേല്‍ വിധിയില്‍ പുനപ്പരിശോധന നടത്തുന്ന അതേ ദിവസം തന്നെയാണ് രാഹുലിനെതിരെയുള്ള കാര്യങ്ങളും പരിഗണിക്കുക. ഏപ്രില്‍ 30നാണ് കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുക.

ബിജെപി വക്താവ് മീനാക്ഷി ലേഖിക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് രാഹുലിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. രാഹുല്‍ കോടതിക്ക് മുന്നില്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും, ഖേദപ്രകടനം മാപ്പുപറയലല്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ ഖേദപ്രകടനത്തെ മാപ്പുപറയലായും വിലയിരുത്തുന്നില്ല. അതുകൊണ്ട് മാപ്പുറയുന്നത് വരെ കേസ് തുടരണമെന്നും റോത്തഗി വ്യക്തമാക്കി.

അതേസമയം സുപ്രീം കോടതിയുടെ വിധിക്കൊപ്പം ചൗക്കിദാര്‍ പരാമര്‍ശം കൂട്ടിച്ചേര്‍ത്തതിനാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയതെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോടതി കൂടി ചേര്‍ന്നുപോയതാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

Top