രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ ; ദുരിതബാധിതര്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടും

rahul gandhi

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന പര്യടനം ആരംഭിച്ചു. രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും.

രാവിലെ ചെങ്ങന്നൂരിലെത്തിയ രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകളിലും അദ്ദേഹം എത്തും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന രാഹുല്‍ നാളെ കോഴിക്കോടേക്ക് തിരിക്കും. അവിടെ നിന്നും വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഹെലികോപ്ടറില്‍ പോകും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്

Top