പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെന്‍സസ് നടത്തണം:രാഹുല്‍ഗാന്ധി

ഡല്‍ഹി: പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെന്‍സസ് നടത്തണമെന്ന് ബിഹാറില്‍ രാഹുല്‍ഗാന്ധി. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും രാഹുല്‍ പറഞ്ഞു. അതേ സമയം, ബംഗാളിലെ വടക്കന്‍ മേഖലയിലൂടെ യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാന്‍ മമത ബാനര്‍ജി എത്താഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

മഹാസഖ്യത്തെ ഉപേക്ഷിച്ച് നീതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് ചേക്കേറിയതിന് അടുത്ത ദിവസമാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തുന്നത്. നിതീഷിനെയും തേജസ്വിയേയും രാഹുലിനൊപ്പം വേദിയിലെത്തിച്ച് പൂര്‍ണിയയില്‍ സഖ്യത്തിന്റെ ശക്തിപ്രകടനത്തിന് കോണ്‍ഗ്രസ് നേരത്തെ പദ്ധതിയിട്ടിരുന്നു.

നിതീഷിനെ മുന്‍ നിര്‍ത്തി ജാതി സെന്‍സസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതും തകിടം മറഞ്ഞിരിക്കെ ബിഹാറിലെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഉയര്‍ത്തിയതും ജാതി സെന്‍സസ് വിഷയമാണ്. കേന്ദ്രത്തിന്റെ ബജറ്റില്‍ ദളിത്, പിന്നോക്ക വിഭാഗക്കാര്‍ക്ക് അവരുടെ ജനസംഖ്യക്ക് അനുസരിച്ച് വിഹിതം നീക്കി വെക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. ജാതി സെന്‍സസ് നടത്തിയാല്‍ മാത്രമേ എത്രത്തോളം നീതി ആദിവാസി, ദളിത്, പിന്നോക്ക വിഭാഗക്കാര്‍ക്ക് കിട്ടുന്നുണ്ടെന്ന് അറിയാനാകുവെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ നിതീഷ് സഖ്യം വിട്ടതിനെ കുറിച്ച് ആദ്യ സമ്മേളനത്തില്‍ രാഹുല്‍ നിശബ്ദത പാലിച്ചത് ശ്രദ്ധേയമായി. നാല് ദിവസമാണ് ബിഹാറില്‍ രാഹുല്‍ഗാന്ധി യാത്ര നടത്തുന്നത്. നാളെ പൂര്‍ണിയയിലെ റാലിയില്‍ ലാലു പ്രസാദ് യാദവ്, സിപിഐഎം എംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തേക്കും. അതേസമയം ജയ്പാല്‍ഗുഡി, സിലിഗുഡി മേഖലയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാന്‍ മമത തയ്യാറാകാഞ്ഞത് കോണ്‍ഗ്രസിന് ക്ഷീണമായി. വടക്കന്‍ മേഖലയില്‍ മമത വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിട്ടും കൂടിക്കാഴ്ച നടന്നില്ലെന്നത് സഖ്യത്തിന്റെ കെട്ടുറപ്പിനെ കുറിച്ചുള്ള ബിജെപി പരിഹാസം വര്‍ധിപ്പിക്കുന്നതാണ്. വ്യാഴാഴ്ച ബിഹാറില്‍ നിന്ന് ന്യായ് യാത്ര വീണ്ടും ബംഗാളിലേക്ക് എത്തുന്നുണ്ട്.

Top