ലോക്ക്ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് രാഹുല്‍; പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളും

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനം.

ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനതോതുമായി താരതമ്യപ്പെടുത്തിയുള്ള ഗ്രാഫ് ട്വീറ്റ് ചെയ്ത് കൊണ്ടാണ് രാഹുല്‍ കേന്ദ്രസര്‍ക്കാറിനേതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നത്. സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി,യുകെ എന്നീ രാജ്യങ്ങളിലെ ലോക്ക്‌ഡൌണുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ ലോക്ക്‌ഡൌണ്‍ പരാജയമായിരുന്നുവെന്ന് പറഞ്ഞതാണ് വിമര്‍ശകരെ പ്രകോപ്പിച്ചത്.

കോണ്‍ഗ്രസ് സഖ്യമായ മഹാരാഷ്ട്രയും ഡല്‍ഹി സര്‍ക്കാരുമാണ് കോവിഡ് വ്യാപനം ഇത്രയധികം വര്‍ധിക്കാന്‍ ഇടയായതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഫെബ്രുവരിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നോ ആഗ്രഹമെന്നും ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് രോഗവിമുക്തി ശതമാനം 7.10 ആയിരുന്നുവെന്നും ഇപ്പോഴത് 48.27 ശതമാനമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് അടിമകള്‍ക്ക് ഇത് മനസിലാവില്ലെന്നും വിമര്‍ശകര്‍ രാഹുലിനെ പരിഹസിക്കുകയും ചെയ്തു.

പരാജയപ്പെട്ട പ്രധാനമന്ത്രിയും പരാജയപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും കൂടിയാണ് ലോക്ക്‌ഡൌണ്‍ പരാജയമായതിന് പിന്നിലെന്ന് പ്രതികരിക്കുന്നവരുമുണ്ട്.

മാര്‍ച്ച് അവസാനത്തോടെയാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അഞ്ചു ഘട്ടങ്ങളിലായി നീണ്ടുനിന്ന ലോക്ഡൗണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ എട്ടിന് അണ്‍ലോക്ക് ആകുകയാണ് ഇന്ത്യ.ഈ സാഹചര്യത്തിലാണ് രാഹുല്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നത്.

Top