ജമ്മുകശ്മീരിലെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നു മനസിലായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നു മനസിലായെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കശ്മീരിലെ ജനങ്ങളെ കാണണമെന്നും അവിടുത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് താനുള്‍പ്പെട്ട നേതാക്കള്‍ കശ്മീരിലെത്തിയത്. എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ വ്യക്തമാക്കി.

മുന്‍പ് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടേയ്ക്ക് പോയതെന്നും രാഹുല്‍ അറിയിച്ചു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെ ചില ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നും അവരെ അടിക്കുന്ന അവസ്ഥവരെ ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിക്കാതിരുന്നതിനേത്തുടര്‍ന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുലും സംഘവും.

വൈകിട്ട് 5.50ഓടെയാണ് രാഹുലും സംഘവും ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി), ദിനേഷ് ത്രിവേദി(എന്‍സിപി) എന്നിവരാണു രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍.

Top