32 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയുമായി മധ്യപ്രദേശ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 32 അംഗ കോണ്‍ഗ്രസ് കമ്മറ്റിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ദ, ദിഗ്വിജയ് സിംഗ് എന്നീ മുതിര്‍ന്ന നേതാക്കള്‍ കമ്മറ്റിയിലുണ്ട്. സിഎല്‍പി നേതാവ് അജയ് സിംഗ്, പാര്‍ട്ടി എംപി കാന്തിലാല്‍ ബുരിയ തുടങ്ങിയവരും കമ്മറ്റിയിലുണ്ട്.

ബിജെപിയെ താഴെയിറക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ അനിവാര്യതയാണ്. എംപിയിലെ ഫലം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ അത് വലിയ ഭഗീരത പ്രയത്‌നം കൂടിയാണ് കോണ്‍ഗ്രസിന്. 15 വര്‍ഷമായി സംസ്ഥാനത്ത് അധികാരം കയ്യാളിന്ന പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസ് കമ്മറ്റിയിലെ മുതിര്‍ന്ന നേതാക്കളെയടക്കം വലിയ വിഭാഗത്തെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് ഒരുക്കുന്നത്.

2003 മുതല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കക്ഷിനില പരിശോധിച്ചാല്‍ രാജസ്ഥാനില്‍ 2008 ലെ ഫലം ഒഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത് ബിജെപിയാണ്. എന്നാല്‍ ആറ് തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൂടി നേടിയ സീറ്റുകള്‍ ബിജെപി നേടിയതിനേക്കാള്‍ കൂടുതലായിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം നിലവില്‍ വന്നാല്‍ ഇരുകൂട്ടര്‍ക്കും സീറ്റ് നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദലിതുകളാണ് ബിഎസ്പിയുടെ അടിത്തറ. ദലിതുകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടുന്ന ഈ സാഹചര്യത്തില്‍ ഈ കൂട്ടുകെട്ടിന് പ്രസക്തി കൂടും.

പക്ഷേ ഈ സഖ്യത്തിനായി മുന്നിട്ടിറങ്ങേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. ബിഎസ്പിയെ കൂടെ നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കോണ്‍ഗ്രസ് കണ്ടെത്തിയേ മതിയാകൂവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സീറ്റുകള്‍ വിട്ടു കൊടുത്തും വോട്ട് മറിച്ചുമുള്ള കളികള്‍ക്കാകും ഇരുപാര്‍ട്ടികളും ഒരുങ്ങുക.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ്-ബിഎസ്പി സഖ്യം വരുകയാണെങ്കില്‍ ബിജെപിക്ക് ചെറിയ രീതിയില്‍ തലവേദന സൃഷ്ടിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍.എന്നാല്‍ ഭരണമാറ്റം ഉണ്ടാവില്ലെന്ന് സ്പിക് മീഡിയ ഫേറ്റ് ഓഫ് മധ്യപ്രദേശിന്റെ അഭിപ്രായ സര്‍വേയില്‍ പറയുന്നു.

230 അംഗ സഭയില്‍ കോണ്‍ഗ്രസ്സും ബിഎസ്പിയും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബിജെപി 147 സീറ്റുകളും കോണ്‍ഗ്രസ് 73 സീറ്റുകളും ബിഎസ്പി 9 സീറ്റുകളും നേടാനാകും. കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം നിലവില്‍ വരുകയാണെങ്കില്‍ ബിജെപിക്ക് 126 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിക്കുവെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും മധ്യപ്രദേശടക്കം ഇനി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും 2019 ലെ പൊതു തെരഞ്ഞെടുപ്പിലേയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഗതി നിര്‍ണ്ണയിക്കുന്നത് തന്നെയാണ്.

Top