രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ കുടുംബത്തിന്റെ പിൻഗാമി കുടുങ്ങുമോ ?

രാഹുൽ ഗാന്ധിയെ ഇ.ഡി അറസ്റ്റു ചെയ്യുമോ? ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെ ചോദ്യം ചെയ്യലും സംഘർഷവും ഉയർത്തുന്ന പ്രധാന ചോദ്യമാണിത്. അറസ്റ്റിനുള്ള സാധ്യത ഒരു വിഭാഗം കാണുമ്പോൾ മറുവിഭാഗം അതിനു മോദി സർക്കാർ മുതിരില്ലന്നാണ് അഭിപ്രായപ്പെടുന്നത്. അറസ്റ്റു ചെയ്യാൻ തക്ക തെളിവുണ്ടായാലും രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച കുടുംബത്തിലെ അംഗമെന്ന നിലയിലെ പരിഗണന നരേന്ദ്ര മോദി സർക്കാർ നൽകുമെന്ന് തന്നെയാണ് പ്രബല വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത്. രാഹുൽ ഗാന്ധിയെ ജയിലിലടക്കാൻ ആർ.എസ്.എസിലെയും പ്രബല വിഭാഗം ആഗ്രഹിക്കുന്നില്ല. അതേസമയം ലഭിച്ച അവസരം ഉപയോഗിക്കണമെന്ന വാദവും സംഘപരിവാറിലുണ്ട്. ഇതിൽ ഏത് നിലപാട് മോദി സ്വീകരിക്കും എന്നത് രാഹുൽ ഗാന്ധിയെ സംബന്ധിച്ച് നിർണ്ണായകമാണ്.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനുമാണ് രാഹുൽ ഗാന്ധി. ചിതറിയ ചോര തുള്ളികൾ കണ്ടുവളർന്ന ബാല്യമാണ് അദ്ദേഹത്തിന്റേത്. 1966-77 കാലഘട്ടത്തിലും പിന്നീട് 1980 മുതൽ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഉരുക്കു വനിതയായിരുന്നു ഇന്ദിരാഗാന്ധി. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിനും അവ നടപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്‌ചയും ഇന്ദിര നൽകിയിരുന്നില്ല. പാക്കിസ്ഥാനോട് യുദ്ധം പ്രഖ്യാപിച്ചതും ഒടുവിൽ ബംഗ്ലാദേശിനെ മോചിപ്പിച്ചതുമെല്ലാം ഇന്ദിരയുടെ ശക്തമായ നിലപാടിന്റെ കൂടി ഭാഗമാണ്. നിർണ്ണായക യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ പിന്തുണ ലഭ്യമാക്കിയത് അവരുടെ തന്ത്രപരമായ നീക്കമായിരുന്നു. അത്തരമൊരു നീക്കം ഇന്ദിര നടത്തിയതു കൊണ്ടു മാത്രമാണ് ഇന്ത്യയ്ക്ക് യുദ്ധം ജയിക്കാൻ കഴിഞ്ഞിരുന്നത്. പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യൻ തീരം ലക്ഷ്യമിട്ട് വന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ശക്തമായ നാവിക സേനകളെയാണ് ആണവായുധവുമായി എത്തിയ സോവിയറ്റ് പടക്കപ്പലുകൾ തുരത്തിയിരുന്നത്. ഇതോടെയാണ് പാക്കിസ്ഥാന്റെ സകല ആത്മവിശ്വാസവും കൈവിട്ട് പോയിരുന്നത്. ഇന്ദിരയെ ഓർക്കാതെ ഈ യുദ്ധത്തെ ഒരിക്കലും വിലയിരുത്താനും കഴിയുകയില്ല. ഒടുവിൽ  ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടിയുടെ പരിണതഫലമായി അവർ ദാരുണമായി കൊല്ലപ്പെടുകയാണ് ഉണ്ടായത്. 1984 ഒക്ടോബർ 31ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിരുന്നത്. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് അതിനു വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു “ഓപ്പറേഷൻ ബ്ലൂസ്റ്റാർ കൊണ്ട് ” ഇന്ദിരാഗാന്ധി ലക്ഷ്യമിട്ടിരുന്നത്.സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീർത്ഥാടന കേന്ദ്രമായ സുവർണ്ണക്ഷേത്രത്തിൽ 1984 ജൂൺ ആദ്യവാരമാണ് ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന പേരിൽ സൈനിക നടപടിയുണ്ടായിരുന്നത്. സുവർണ്ണക്ഷേത്രത്തിനുള്ളിലെ ”അകാൽ തഖ്‌ത് ” എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ പൂർണ്ണമായും തുരത്തിയാണ് ഈ സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചിരുന്നത്. അന്ന് ഇന്ദിരാഗാന്ധി മുൻകൈ എടുത്തില്ലായിരുന്നു എങ്കിൽ ഇന്നു പഞ്ചാബ് ഈ രൂപത്തിൽ കാണുമായിരുന്നില്ല.ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷം സിഖുകാരിൽ നിന്ന് ഇന്ദിരാഗാന്ധിക്കു നേരെ അക്രമണമുണ്ടാകാൻ സാധ്യതയുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഐബിയിൽ നിന്ന് വന്നിരുന്നെങ്കിലും ഇന്ദിര അതു അവഗണിക്കുകയാണ് ചെയ്തിരുന്നത്. “പ്രധാനമന്ത്രിയുടെ വസതിയ്ക്കരികിൽ ഡ്യൂട്ടിയിലുള്ള എല്ലാ സിഖ് ഭടന്മാരെയും അവിടെ നിന്ന് മാറ്റണം എന്ന നിർദ്ദേശമാണ് ഇന്ദിര തളളിക്കളത്തിരുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വമൂല്യങ്ങൾ ലംഘിച്ചുകൊണ്ട് അങ്ങനെയൊരു വിവേചനം കാണിക്കാൻ പറ്റില്ലന്നാണ് അവർ ശഠിച്ചിരുന്നത്.ഒടുവിൽ ആ ‘വിസമ്മത’ത്തിന് സ്വന്തം ജീവൻ തന്നെയാണ് ഇന്ദിരയ്ക്ക് വിലയായി നല്കേണ്ടി വന്നിരുന്നത്.

സ്വന്തം അമ്മയുടെ ചിതറിത്തെറിച്ച ശരീരത്തിന് കണ്ണീരോടെ തീ കൊളുത്തേണ്ടി വന്ന രാജീവ് ഗാന്ധിയോടും വിധി ക്രൂരമായാണ് പെരുമാറിയിരുന്നത്. അദ്ദേഹത്തിന്റെ ശരീരവും ചാവേറുകൾ പൊട്ടി ചിതറിച്ച് കളഞ്ഞതും രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. 1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.

ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുള്ള സംഘർഷം എന്നെന്നേക്കുമായി പരിഹരിക്കുവാൻ ലങ്കൻ ഭരണകൂടവുമായി രാജീവ് ഗാന്ധിയുണ്ടാക്കിയ ഉടമ്പടിയും തുടർന്നു നടന്ന സൈനിക നടപടിയുമാണ് എൽ.ടി.ടി.ഇക്ക് രാജീവ് ഗാന്ധിയോട് പകയുണ്ടാവാൻ കാരണമായിരുന്നത്.ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു സമാധാനസേനയെ അയച്ചിരുന്നു. മനസ്സില്ലാമനസ്സോടെ ഈ സേനക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയ LTTE താമസിയാതെ വീണ്ടും കലാപത്തിനിറങ്ങിയതോടെ ശക്തമായാണ് ഇന്ത്യൻ സേന തിരിച്ചടിച്ചിരുന്നത്.ഈ സംഘർഷത്തിൽ അനവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്. ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും സേനയെ തിരികെ വിളിക്കാൻ ഇന്ദിരാഗാന്ധിയുടെ ആ പുത്രൻ തയ്യാറായിരുന്നില്ല.എന്നാൽ 1989-ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിന് അധികാരം നഷ്ടമായതോടെ സമാധാന സേനയെയും തിരിച്ചു വിളിക്കപ്പെട്ടു. 1990-ൽ ആ പിൻമാറ്റവും പൂർണ്ണമായി.

സൈനിക നടപടിയോടുള്ള പക അപ്പോഴും മനസ്സിൽ സൂക്ഷിച്ച എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ പകവീട്ടാൻ അവസരം കാത്തു നിൽക്കുകയായിരുന്നു. അതാണ് രാജീവ് ഗാന്ധിക്കെതിരായ ചാവേർ ആക്രമണത്തിൽ കലാശിച്ചിരുന്നത്.1991 -ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വീണ്ടും അധികാരത്തിലേറിയാൽ രണ്ടാമതൊരു വട്ടം കൂടി ഇന്ത്യൻ സൈന്യത്തെ ലങ്കയിലേക്ക് അയക്കുമെന്ന് പ്രഭാകരൻ ഭയന്നിരുന്നു.പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ സെക്യൂരിറ്റിയും ഇരട്ടിക്കും പിന്നെ കൊല്ലുക വളരെ പ്രയാസമായിരിക്കും എന്നും എൽ.ടി.ടി.ഇ തിരിച്ചറിഞ്ഞിരുന്നു. അതു കൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തന്നെ രാജീവിനെ വധിക്കാൻ അവർ പ്ലാനിട്ടിരുന്നത്. ചാവേർ സംഘം അതു നടപ്പാക്കിയപ്പോൾ രാജ്യത്തിനു നഷ്ടമായത് മറ്റൊരു ധീരനായ പ്രധാനമന്ത്രിയെ കൂടിയാണ്.

അമ്മയും മകനും, അതായത് ഇന്ദിരയും രാജീവും, രാജ്യത്തിനു വേണ്ടിയാണ് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഇന്നും ആ കുടുംബത്തോട് പകയുള്ളവർ, കഴുകൻ കണ്ണുകളുമായി വട്ടമിട്ടു പറക്കുന്നുണ്ട്. അതുകൊണ്ടാണ്, ഇപ്പോഴും, നെഹറു കുടുംബത്തിലെ കൊച്ചു കുട്ടികൾക്കു പോലും, ശക്തമായ സുരക്ഷ രാജ്യം നൽകി വരുന്നത്. എത് ഭരണകൂടം രാജ്യം ഭരിച്ചാലും, ഇവർക്കുള്ള സുരക്ഷയിലും മാറ്റം വരുത്താറില്ല. ആദ്യ എൻ.ഡി.എ സർക്കാർ രാജ്യം ഭരിച്ച കാലത്ത്, രാഹുലിനെ ‘കുരുക്കാൻ’ സുവർണ്ണാവസരം ലഭിച്ചിട്ടും, പ്രധാനമന്ത്രിയായിരുന്ന വാജ്പേയി, അതിനു അനുമതി നൽകിയിരുന്നില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച കുടുംബത്തോടുള്ള, പ്രത്യേക പരിഗണനയാണ് അന്നു വാജ്പേയി പ്രകടിപ്പിച്ചിരുന്നത്. ഇന്ന് കാലം മാറിയെങ്കിലും, ഭരിക്കുന്നത് എൻ.ഡി.എ തന്നെയാണ്. വാജ്പേയിയുടെ ശൈലിയല്ല മോദിയുടേത് എന്നതും വ്യക്തമാണ്. ഇനി അറിയേണ്ടത് കേന്ദ്ര സർക്കാറിന്റെ തീരുമാനമാണ്. രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാനാണ് എൻഫോഴ്സ്മെന്റ് തീരുമാനിക്കുന്നതെങ്കിൽ, അത് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ കുടിഭാഗമായിരിക്കും. വലിയ രാഷ്ട്രീയ പ്രത്യാഘാതവും അതോടെ സംഭവിക്കും. അതേസമയം, മറിച്ചാണ് തീരുമാനമെങ്കിൽ, അത് നെഹറു കുടുംബത്തോട് മാത്രമുള്ള പ്രത്യേക പരിഗണന കൊണ്ടായിരിക്കുകയും ചെയ്യും. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും, അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top