കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച കര്‍ഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

മാധ്യമങ്ങള്‍ക്കു മുന്നില്‍ മരിച്ച കര്‍ഷകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു രാഹുല്‍. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ കണക്ക് അറിയില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. അതിനാല്‍, ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് രാഹുല്‍ ആരോപിച്ചു.

മരിച്ച കര്‍ഷകരില്‍ 403 പേരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി. 152 പേരുടെ കുടുംബങ്ങള്‍ക്ക് ജോലിയും നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നായി 100 കര്‍ഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത് രാഹുല്‍ ചൂണ്ടിക്കാട്ടി.

താന്‍ തെറ്റ് ചെയ്‌തെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. രാജ്യത്തോട് മാപ്പുപറയുകയും ചെയ്തു. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനം കാരണം 700 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നിട്ടിപ്പോള്‍ അവരുടെ പേരുവിവരങ്ങളെക്കുറിച്ച് കള്ളം പറയുകയും ചെയ്യുന്നു. അവര്‍ക്ക് അര്‍ഹമായതു നല്‍കാനുള്ള മാന്യത എന്താണ് പ്രധാനമന്ത്രി കാണിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. ഈ കുടുംബങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കാന്‍ തയാറാവണം. പ്രധാനമന്ത്രി ഇങ്ങനെയല്ല പെരുമാറേണ്ടത്. അധാര്‍മികവും ഭീരുത്വം നിറഞ്ഞതുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

Top