പിഎം കെയറിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനത്തിന് കൂടി ലഭ്യമാക്കണം

ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ടില്‍ സ്വീകരിക്കുന്നതിന്റെയും ചെലവാക്കുന്നതിന്റെയും കണക്കുകള്‍ ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി കേന്ദ്രം തയ്യാറാക്കിയ പിഎം കെയര്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.

റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പിഎം കെയറിലേക്ക് സംഭാവനയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ കണക്കുകള്‍ സുതാര്യമാകണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ പ്രത്യേകമായി സജ്ജീകരിച്ചതാണ് പിഎം കെയര്‍. എന്നാല്‍, പിഎം കെയറിലേക്ക് എത്രപണം ലഭിച്ചു, എത്ര ചെലവഴിച്ചുവെന്നത് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ പ്രത്യേക അക്കൗണ്ട് തുടങ്ങിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Top