വി ഡി സതീശനും കെ സുധാകരനും പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : കേരള സർക്കാർ കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടുന്നുവെന്ന ആരോപണത്തിനിടെ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനു സമ്പൂർണ പിന്തുണയുമായി ഹൈക്കമാൻഡ്. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. തന്നെ കാണാനെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ കൈപിടിച്ചു നിൽക്കുന്ന ചിത്രം സഹിതമാണ് രാഹുൽ പൂർണ പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകളിൽ സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിക്കാനും കോൺഗ്രസ് തീരുമാനിച്ചു. പിണറായി സർക്കാർ നടത്തുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നു വിലയിരുത്തിയാണു പ്രതിഷേധം അറിയിക്കാനുള്ള നീക്കം.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർക്കെതിരെ തുടർച്ചയായി കേസുകളെടുക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത നീരസത്തിലാണ്. ദേശീയ തലത്തിൽ മോദി സർക്കാർ ചെയ്യുന്നതെന്തോ, അതു തന്നെയാണു കേരളത്തിൽ പിണറായി സർക്കാരും ചെയ്യുന്നതെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതു രാഷ്ട്രീയ വേട്ടയാടലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനു സമ്പൂർണ പിന്തുണ നൽകാനുള്ള തീരുമാനം.

കഴിഞ്ഞ ദിവസം പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിലും മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം ചർച്ചയായിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരെ യോഗത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സമാനമായ ശൈലിയാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരും സ്വീകരിക്കുന്നതെന്നാണു ഹൈക്കമാൻഡ് പങ്കുവയ്ക്കുന്ന വികാരം. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാനാണു നീക്കം. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത നേതൃയോഗത്തിലും കോൺഗ്രസ് ഈ വിഷയം ഉയർത്തി കടുത്ത പ്രതിഷേധം അറിയിക്കുമെന്നാണു വിവരം.

നേരത്തെ, രാഹുൽ ഗാന്ധിക്കു പുറമെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തിയ കെ.സുധാകരനും വി.ഡി.സതീശനും കേസിന്റെ വിശദാംശങ്ങൾ ഇരുവരെയും ധരിപ്പിച്ചിരുന്നു. സർക്കാരിന്റെ അഴിമതി നീക്കങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു കേസുകളെന്നാണ് കെപിസിസി നിലപാട്. വി.ഡി.സതീശന് എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്റെ വിവരങ്ങളും ധരിപ്പിച്ചു.

കേരളത്തിൽ നേതൃമാറ്റം ആലോചനയിലില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. കെ.സുധാകരനും വി.ഡി.സതീശനും എതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് താരിഖ് അന്‍വര്‍ ആവർത്തിച്ചു. തനിക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുലിന് അറിയാമെന്ന് വി.ഡി.സതീശനും പ്രതികരിച്ചു.

Top