rahul gandhi criticise kollam dcc issue

ന്യൂഡല്‍ഹി: രാജ് മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പില്‍ മര്‍ദ്ദിച്ച നടപടി ഗൗരവമായി കണ്ട് രാഹുല്‍ ഗാന്ധി.

കെ.മുരളീധരനും, ഉണ്ണിത്താനും പരസ്പരം നടത്തിയ ആരോപണപ്രത്യോരോപണങ്ങളെ തുടര്‍ന്ന് ഡിസിസി വളപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ട പശ്ചാതലത്തില്‍ ആറ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്‌തെങ്കിലും നടപടി അതുകൊണ്ട് അവസാനിക്കില്ലന്നാണ് ലഭിക്കുന്ന സൂചന.

ഇക്കാര്യത്തില്‍ കെ.മുരളീധരനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് കെ.പിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഹൈക്കമാന്റിന് കൈമാറിയിരിക്കുന്നത്.

മുരളീധരനെ കെപിസിസി നേതൃസ്ഥാനത്ത് അവരോധിക്കാനുള്ള ഏത് നീക്കത്തെയും ഹൈക്കമാന്റ് എതിര്‍ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. സംഘടനാ തിരഞ്ഞെടുപ്പ് എന്തായാലും ഉടനെ നടത്തേണ്ടതില്ലന്നാണ് തീരുമാനം.

ഇനി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പിന്നീട് പോവേണ്ടി വന്നാല്‍ പോലും കെപിസിസി അദ്ധ്യക്ഷന്റെ കാര്യത്തില്‍ എന്തെങ്കിലും ‘സമ്മര്‍ദ്ദമുണ്ടാക്കി’ കളയാമെന്ന് ആരും കരുതേണ്ടതില്ലന്ന സന്ദേശമാണ് രാഹുല്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് സമ്മര്‍ദ്ദ തന്ത്രമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് ഹൈക്കമാന്റ് നിഗമനം.

ഉമ്മന്‍ ചാണ്ടിയുമായി സമവായ ചര്‍ച്ച തുടര്‍ന്നാലും കെ.മുരളീധരനെ കോണ്‍ഗ്രസ്സ് തലപ്പത്തേക്ക് കൊണ്ടുവരുന്നതിനോട് ഹൈക്കമാന്റ് യോജിക്കില്ലന്നാണ് നേതാക്കള്‍ക്കിടയിലെ സംസാരം.

കൊല്ലം ഡിസിസി വളപ്പില്‍ മുരളീധരന്‍ അനുകൂലികള്‍ നടത്തിയ ആക്രമണമാണ് ഇപ്പോള്‍ മുരളിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

ഐ വിഭാഗത്തിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുകയും എ വിഭാഗത്തിന്റെ പിന്‍തുണ ലഭിക്കുകയും ചെയ്താല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുരളീധരന്‍ എത്തുമെന്നായിരുന്നു അനുയായികളുടെ പ്രതീക്ഷ. എന്നാല്‍ ഉണ്ണിത്താനെതിരായ ആക്രമണം ഈ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്.

മുന്‍പ് പാര്‍ട്ടിയുടെ പടിക്ക് പുറത്തായ മുരളീധരനെ തിരിച്ചെടുക്കുന്നതിനായി ഹൈക്കമാന്റില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയ വി.എം സുധീരനെതിരെ തന്നെ മുരളീധരന്‍ നിലപാട് സ്വീകരിക്കുന്നതില്‍ സുധീരവിഭാഗം നേതാക്കള്‍ക്കിടയിലും കടുത്ത എതിര്‍പ്പുണ്ട്. അവര്‍ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്റിനെ അറിയിച്ചതായാണ് അറിയുന്നത്.

കേരളത്തിലെ കാര്യങ്ങള്‍ കൈവിട്ട് പോവാതിരിക്കാന്‍ കര്‍ക്കശ നടപടികളുമായി മുന്നോട്ട് പോവാനാണ് ഹൈക്കമാന്റ് തീരുമാനം. പരസ്യപ്രസ്താവന ഇനി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ നടപടിയുണ്ടാകും.

ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ എ ഗ്രൂപ്പ് തഴയപ്പെട്ടതിനാല്‍ കടുത്ത അമര്‍ഷമുള്ള ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ ‘തന്ത്രപരമായ’ നീക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നാണ് പറയപ്പെടുന്നത്.

മുരളീധരനോടുള്ള എ വിഭാഗത്തിന്റെ ‘മമത’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഐ വിഭാഗത്തെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഗ്രൂപ്പ് പിളരുമെന്ന സംശയമുള്ളതിനാല്‍ ഐ വിഭാഗത്തിന്റെ തലപ്പത്ത് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടായി തുടങ്ങിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top