രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് റദ്ദാക്കി; സൂക്ഷിക്കാന്‍ താക്കീത്

ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി റദ്ദാക്കി. കൂടുതല്‍ നടപടികളിലേക്ക് തല്‍ക്കാലം കടക്കുന്നില്ലെന്നും ഭാവിയില്‍ സൂക്ഷിക്കണം എന്ന താക്കീതും കോടതി നല്‍കി. റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും കെ എം ജോസഫും ചേര്‍ന്ന ബെഞ്ചാണ് രാഹുലിനെ വിമര്‍ശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ റഫാല്‍ ഇടപാടില്‍ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണവും റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് പ്രധാനമന്ത്രി മോദി സ്വയം വിശേഷിപ്പിച്ചപ്പോഴാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി എത്തിയത്. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാക്കുകള്‍ ഏറ്റെടുക്കുകയും സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

പ്രസ്താവനയില്‍ ബോധപൂര്‍വ്വമായി അപമാനിച്ചിട്ടില്ലെന്നും മാപ്പു പറയുന്നുവെന്നുമായിരുന്നു രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയത്. ഏതായാലും കോടതി വിമര്‍ശനം കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും ക്ഷീണമായിരിക്കുകയാണ് .

Top