രാഹുലാണ് പാര്‍ട്ടിയുടെ ‘പരമോന്നത നേതാവ്’, തിരിച്ചു വരണം; സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. രാഹുല്‍ പാര്‍ട്ടിയുടെ ‘പരമോന്നത നേതാവ്’ ആണെന്നും കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും രാഹുലിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

മാത്രമല്ല കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു വലിയ മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്നും യുവത്വത്തിന്റെ പ്രസരിപ്പ് പാര്‍ട്ടിക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും സോണിയ ഗാന്ധി തലപ്പത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തകരെ ഊര്‍ജിതരാക്കാനും വോട്ടര്‍മാരെ പ്രചോദിതരാക്കാനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണമെന്നും പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തിരഞ്ഞൈടുപ്പ് നടത്തണമെന്നുമാണ ശശിതരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ അഭിപ്രായം തന്നെയാണ് ഷീല ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിതും പങ്കുവച്ചത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് എഐസിസി പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചിരുന്നത്. തുടര്‍ന്ന് കുറെ കാലം സാരഥിയില്ലാതെ നേതൃത്വം കിടന്നു. ഒടുവില്‍ അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി തന്നെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ നേതൃസ്ഥാനത്ത് വരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. നേരത്തെ ഛത്തീസ്ഗഢ് ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Top