തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് പി.ജെ.കുര്യന്‍

ആലപ്പുഴ: കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി.ജെ.കുര്യന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു.

എന്നാല്‍ തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തരൂരിന്റേത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാത്രമാണെന്നായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസ് തലപ്പത്തില്ല. അതുകൊണ്ടു തന്നെ തരൂരിന്റെ പ്രതികരണം സ്വാഭാവികമായി കണ്ടാല്‍ മതിയെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

അധ്യക്ഷന്റെ ചുമതല ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ് നിര്‍വഹിക്കുന്നത്. പാര്‍ട്ടിക്ക് ഉടന്‍ തന്നെ പുതിയ അധ്യക്ഷന്‍ വേണം. പ്രിയങ്കാ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചതോടെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് തുറന്നടിച്ച് ശശിതരൂര്‍ എം.പി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാനില്ലെന്നും വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top