രാഹുല്‍ എത്തുന്നതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല; വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടില്‍ രാഹുല്‍ അറിയാന്‍ പോകുന്നതേയുള്ളുവെന്നും കേരളത്തില്‍ ജനവിധി തേടുന്ന 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും ഇവിടെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെന്ന് വിചാരിച്ച് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രധാനിയായ സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക് പോകില്ലെന്ന പരസ്യം കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടി വരുന്ന കോണ്‍ഗ്രസിന് എന്ത് വിശ്വാസ്യതയാണ് ഉള്ളത്, മുഖ്യമന്ത്രി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കെ.സുധാകരന്‍ നടത്തിയ പ്രചാരണ വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അതേസമയം, വയനാട്ടില്‍ താന്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുന്നതിനാണെന്നും ഇടത് പാര്‍ട്ടികള്‍ എന്തു തന്നെ പറഞ്ഞാലും താന്‍ മറിച്ചൊരു മറുപടി പറയില്ലെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍ ഭീതി കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനെതിരെ സംസാരിക്കാത്തതെന്നായിരുന്നു കോടിയേരി പരിഹസിച്ചത്.

Top