രാഹുൽ ഗാന്ധി അയോഗ്യൻ; പാർലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം

ഡൽഹി: ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. വയനാട്ടിൽനിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ.

ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇന്നലെയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുന് ഉടൻ അയോഗ്യത വരില്ലെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

രണ്ടു വർഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പാർലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അയോഗ്യതയും വരും.

മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ ഹർജിയിലാണ് വിധി.

കർണാടകയിലെ കോലാറിൽ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഈ പരാമർശം മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി.

Top