തോറ്റ പാര്‍ട്ടിയെ നയിച്ച് വിജയിപ്പിക്കുക . . . അതാണ് രാഹുല്‍, യഥാര്‍ത്ഥ ഹീറോയിസം

രു തിരിച്ചടി കൊണ്ട് എല്ലാം അവസാനിച്ചു എന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും കരുതരുത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയോടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുള്ള രാഹുലിന്റെ നീക്കം തന്നെ അപക്വമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിച്ച് മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഒരു നേതാവ് ചെയ്യേണ്ട പ്രധാന കര്‍ത്തവ്യം. വിജയിച്ച പാര്‍ട്ടിയെ നയിക്കുന്നവരേക്കാള്‍ പരാജയപ്പെട്ട പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുന്നതാണ് ഹീറോയിസം.

ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലൂടെ ശക്തമായി തിരിച്ചു വരാന്‍ രാഹുല്‍ ശ്രമിക്കണമായിരുന്നു. രാജ്യത്തെ മതേതര ശക്തികളുമായി യോജിച്ചാല്‍ കോണ്‍ഗ്രസിന് അതിനുള്ള സാധ്യതയുമുണ്ട്. ഈ വെല്ലുവിളിയാണ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിസന്ധിയില്‍ നിന്നും ഒളിച്ചോടുന്ന നിലപാടാണ് ഇപ്പോള്‍ രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ദേശാഭിമാനി കളിയാക്കിയത് പോലെ ശരിക്കും ‘പപ്പുമോന്‍’ നിലപാട് ആയിപ്പോയി.

രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ പോലും കഴിയാത്ത രൂപത്തില്‍ കോണ്‍ഗ്രസിപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി ആ പാര്‍ട്ടിയില്‍ വലിയ കുഴപ്പങ്ങള്‍ക്കും ഭിന്നതകള്‍ക്കുമാണ് തിരികൊളുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു തോല്‍വിയേക്കാള്‍ രൂക്ഷമായ നേതൃപ്രതിസന്ധിയിലൂടെ നീങ്ങുന്ന കോണ്‍ഗ്രസില്‍ തമ്മിലടിയും രൂക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആം ആദ്മി സഖ്യശ്രമം സംബന്ധിച്ച് ഷീല ദീക്ഷിത്തും പി.സി ചാക്കോയും തമ്മിലുള്ള തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങി കഴിഞ്ഞു.

ഇരുവിഭാഗങ്ങളും പരസ്പരം ആരോപണമുന്നയിച്ച് നല്‍കിയ പരാതി പരിശോധിക്കാന്‍ പോലും എഐസിസി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരാതി പരിശോധിക്കാന്‍ അധ്യക്ഷപദവി ഒഴിഞ്ഞ രാഹുല്‍ ഗാന്ധി തയ്യാറുമല്ല. കൂടാതെ വിവിധ പിസിസികളിലും ഭിന്നതകള്‍ തുടരുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഭിന്നത ശക്തമാണ്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് തന്നെ ബിജെപിയില്‍ ചേക്കേറി മന്ത്രിയായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയേക്കാള്‍ കടുത്ത ആഘാതത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്ന കാഴ്ചയാണിത്. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുല്‍ ഗാന്ധിക്ക് മനംമാറ്റമില്ലെന്ന് ഉറപ്പായതോടെ ചരിത്രത്തിലില്ലാത്ത നേതൃപ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

ആം ആദ്മിയുമായി സഖ്യത്തിന് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഭിന്നതയാണ് ഡല്‍ഹിയില്‍ പൊട്ടിത്തെറിയിലേക്കെത്തുന്നത്. പി.സി ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് രോഹിത് മാന്‍ചന്ദയാണ് കത്ത് നല്‍കിയത്. ചാക്കോ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കത്തിലെ പ്രധാന ആരോപണം.

ഡല്‍ഹി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് ഷീല ദീക്ഷിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പുരുഷോത്തം ഗോയലാണ് കത്ത് നല്‍കിയത്. ഗോയല്‍ കത്ത് കൊടുത്തത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാണെന്നാണ് രോഹിത് പറയുന്നത്. ചാക്കോയ്ക്ക് എതിരെയാണ് രോഹിത് പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യത്തെ പി.സി ചാക്കോ അനുകൂലിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഷീല ദീക്ഷിത് ഉയര്‍ത്തിയത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പരസ്യപ്രസ്താവനകളില്‍ എത്തിയിട്ടും നേതൃത്വം മൗനവ്രതത്തിലാണ്.

തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി സംഘടനാചുമതലകള്‍ നിര്‍വഹിക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിച്ചു കഴിഞ്ഞു. തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്ന നിര്‍ദേശത്തില്‍ ഒരു നടപടിയും എടുക്കാത്തതിന്റെ പ്രതിഷേധത്തിലാണ് രാഹുല്‍. കത്തുകളില്‍ ഒപ്പിടാന്‍പോലും രാഹുല്‍ തയ്യാറാകുന്നില്ല. പലതിലും ഒപ്പിടുന്നത് കെ.സി വേണുഗോപാലാണ്. പാര്‍ട്ടി ഭാരവാഹികള്‍ക്ക് നല്‍കിയ കത്തില്‍ കീഴ്വഴക്കം ലംഘിച്ച് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഒപ്പിട്ടത്. കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമാണ് അധ്യക്ഷന്‍ ഒപ്പിടാതെ ഭാരവാഹികള്‍ക്ക് കത്ത് നല്‍കുന്നത്.

പാര്‍ലമെന്റില്‍ നയപ്രഖ്യാപനത്തിനിടെ പോലും മനപൂര്‍വം അലക്ഷ്യമായി പെരുമാറുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്തത്. പാര്‍ലമെന്റില്‍ ഫോണിലൂടെയുള്ള കുത്തിക്കളിയില്‍ തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ നല്‍കിയ ഒരുമാസ കാലാവധിയും അവസാനിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ ഫോണില്‍ കളിച്ചും പാര്‍ലമെന്റിന്റെ ഫോട്ടോ എടുത്തുമാണ് രാഹുല്‍ സമയം കളഞ്ഞത്. തിരുത്താന്‍ സോണിയ ഗാന്ധി ഒന്നിലേറെ തവണ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ഈ പോക്കാണ് കോണ്‍ഗ്രസ് പോകുന്നതെങ്കില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുകള്‍ താഴെ പോകാനുള്ള സാധ്യതയും കൂടുതലാണ്. തെലങ്കുദേശം പാര്‍ട്ടിയുടെ രാജ്യസഭ എം.പിമാരെ കൂട്ടത്തോടെ അടര്‍ത്തിയെടുത്ത ബി.ജെ.പിയുടെ വിളി കാതോര്‍ത്ത് കോണ്‍ഗ്രസിലും ഇപ്പോള്‍ നേതാക്കളുണ്ട്.

ഈ സാഹചര്യത്തില്‍ രാഹുലിന് പകരം മറ്റാരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ കൊഴിഞ്ഞ് പോക്കും തമ്മിലടിയും വര്‍ദ്ധിക്കാനാണ് സാധ്യത. യു.പി.എക്ക് വോട്ട് ചെയ്ത ജനവിഭാഗത്തെ നിരാശപ്പെടുത്തുന്ന നടപടികളാണ് കോണ്‍ഗ്രസില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്.

വയനാട് എം.പി മാത്രമായി തുടരാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് എ.കെ ആന്റണിയോ കെ.സി വേണുഗോപാലോ എത്തുമോയെന്ന ഭയവും ഈ നീക്കത്തിന് പിന്നിലുണ്ട്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വളര്‍ച്ചയെ ഏറെ ഭയപ്പെടുന്നത് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാണ്.

Political Reporter

Top