കർണ്ണാടക വിജയം ആയുധമാക്കി ദേശീയ തലത്തിൽ പിടിമുറുക്കാൻ കോൺഗ്രസ്സ്, രാഹുൽ ഗാന്ധി തന്നെ നായകൻ

ര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന മുന്നേറ്റം ദേശീയ രാഷ്ട്രീയത്തില്‍ കോൺഗ്രസ്സിന്റെയും രാഹുല്‍ഗാന്ധിയുടെയും തിരിച്ചുവരവിനു കാരണമാകും. ദേശീയതലത്തിൽ രാഹുൽഗാന്ധിയെ അംഗീകരിക്കാതിരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കു പോലും രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. ഹിമാചൽ പ്രദേശിനു പിന്നാലെ കർണ്ണാടകയിൽ കൂടി കോൺഗ്രസ്സ് ഭരണം തിരിച്ചു പിടിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നേതൃത്വങ്ങൾക്കും ആത്മ വിശ്വാസം നൽകും.

ചെറിയ വിജയമല്ല വലിയ വിജയം തന്നെയാണ് കന്നട മണ്ണിൽ കോൺഗ്രസ്സ് നേടിയിരിക്കുന്നത്. ഒറ്റയ്ക്കു മത്സരിച്ച് 137 സീറ്റുകൾ നേടിയ കോൺഗ്രസ്സ് ബി.ജെ.പി ദേശീയ നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. നേരിട്ടുള്ള മത്സരത്തിൽ ബി.ജെ.പിയെ 65 സീറ്റുകളിലാണ് കോൺഗ്രസ്സ് തളച്ചിരിക്കുന്നത്. അവസരവാദ രാഷ്ട്രീയം പയറ്റിയ ജെ.ഡി.എസിനെ 19 സീറ്റിലാണ് ജനം ഒതുക്കിയിരിക്കുന്നത്. ബി.ജെ.പിക്കു യഥാർത്ഥബദൽ കോൺഗ്രസ്സ് ആണ് എന്ന തരത്തിൽ ഇപ്പോൾ തന്നെ ദേശീയ തലത്തിൽ കോൺഗ്രസ്സ് പ്രചരണം തുടങ്ങിയിട്ടുണ്ട്. വിജയശില്‍പി എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിഛായയാണ് കർണ്ണാടകയിൽ കോൺഗ്രസ്സ് പൊളിച്ചടുക്കിയിരിക്കുന്നത്.

ഇനി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കങ്ങളില്‍ കോണ്‍ഗ്രസിന് കരുത്താകാൻ പോകുന്നത് ഈ കന്നഡ വിജയമാണ്. ഭാരത്‌ജോഡോ യാത്രയിലൂടെ കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ ഇന്ത്യയെ നടന്ന് അളന്ന രാഹുല്‍ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്താന്‍ കന്നഡ വിജയം കോണ്‍ഗ്രസിനെ തുണക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, ചത്തിസ്ഗഢ് സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനു വിജയം ആവർത്തിക്കേണ്ടതുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ്സ് തിരിച്ചു വരാതിരിക്കാനാണ് കർണ്ണാടകയിൽ മോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നത്.

ബി.ജെ.പിയുടെ പ്രചരണത്തെ മുന്നില്‍ നിന്നും നയിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയായിരുന്നു. കര്‍ണാടകയിലെ വിവിധ മേഖലകളിലായി 19 റാലികളിലാണ് മോഡി പങ്കെടുത്തിരുന്നത്. 36 കിലോമീറ്റര്‍ റോഡ് ഷോയും അദ്ദേഹം നടത്തുകയുണ്ടായി. ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രസ്താവനക്കെതിരെ ജയ്ബജ്‌രംഗ് ബലി മുഴക്കിയാണ് മോദി ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനുള്ള കരുനീക്കം നടത്തിയിരുന്നത്. ഇതാകട്ടെ അവസാനലാപ്പില്‍ കന്നഡയില്‍ ബി.ജെ.പി കളംപിടിച്ചെന്ന പ്രതീതിയും ഉണ്ടാക്കുന്നതായിരുന്നു. എന്നാല്‍ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും കൈകോര്‍ത്ത് നടത്തിയ പ്രചരണ തന്ത്രത്തിൽ മോദിയുടെ ഈ കണക്കു കൂട്ടലുകളാണ് തകർന്നിരിക്കുന്നത്.

കര്‍ണാടകയിലെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിക്കെതിരായ ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. “40 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന കോണ്‍ഗ്രസ് മുദ്രാവാക്യം” കന്നഡ ജനത ഏറ്റെടുത്തതാണ് പ്രധാനമായും ബി.ജെ.പിക്ക് തിരിച്ചടിയായത്. വോട്ടിങ് ദിനത്തില്‍ ഗ്യാസ് സിലിണ്ടറിനെ പൂജിച്ചതടക്കം വോട്ടര്‍മാരില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നതായിരുന്നു. രാഹുല്‍ഗാന്ധിയുടെ താരപ്രചാരണം ഉണ്ടാക്കിയ വിജയം 62 ശതമാനമായി കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി മോഡിയുടേത് 40 ശതമാനമായി കുത്തനെ ഇടിയുകയാണ് ഉണ്ടായത്. മോദി പ്രചരണത്തിന് എത്തിയില്ലായിരുന്നു എങ്കിൽ ഇതിലും മോശം അവസ്ഥയിലേക്ക് ബി.ജെ.പി പോകുമായിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ കുപ്പായം തയിച്ച് മമതബാനര്‍ജിയും ചന്ദ്രശേഖരറാവുവുമൊക്കെ ഡല്‍ഹിയില്‍ ഇറങ്ങി കളിക്കുമ്പോള്‍ പ്രതിരോധത്തിലായിരുന്ന രാഹുൽ ഗാന്ധിക്ക് ഇനി ശരിക്കും കളത്തിൽ ഇറങ്ങി കളിക്കാൻ കഴിയും. കർണ്ണാടകയിൽ ഇനി എന്തു അട്ടിമറി തന്നെ നടന്നാലും തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളും വോട്ടും വാങ്ങിയിരിക്കുന്നത് കോൺഗ്രസ്സ് തന്നെയാണ്. അതു കൊണ്ട് രാഹുൽ ഗാന്ധിക്ക് തല ഉയർത്തി തന്നെ നടക്കാൻ കഴിയും.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന രാഹുല്‍ഗാന്ധി ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് വിജയം സമ്മാനിക്കുന്ന നേതാവെന്ന നിലയിലും രാഷ്ട്രീയ വളര്‍ച്ചനേടിക്കഴിഞ്ഞു. കര്‍ണാടക വിജയത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രം മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം കൂടി പഠിച്ചെടുത്താൽ കാവിപ്പട ഭയക്കുക തന്നെ വേണം. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top