രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തിയത് മലപ്പുറം ഡിസിസിയിലെ ഗൂഢാലോചനയുടെ ഫലമായി; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ നവകേരള സദസ്സ് നടക്കുന്ന ദിവസം തന്നെ രാഹുല്‍ ഗാന്ധിയുടെ പരിപാടി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം ഡി സി സി ഓഫീസില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് ഇതെന്നും പി വി അന്‍വര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധി അറിഞ്ഞുകൊണ്ടാണോ ഈ പരിപാടിയ്ക്ക് വന്നതെന്ന് സംശയം ഉണ്ടെന്നും എംഎല്‍എ ആരോപിച്ചു.

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന റോഡുകള്‍ നിലമ്പൂരില്‍ എത്തിയത് എംഎല്‍എയെന്ന രീതിയിലുള്ള ശ്രമത്തിന്റെ ഫലമായി. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സഹായത്തോടെയാണ് റോഡുകള്‍ നവീകരിക്കുന്നത്. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ അറിയാതെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ ശ്രമിച്ചു. അതിനാലാണ് റോഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും അന്‍വര്‍ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെയും അന്‍വര്‍ വിമര്‍ശിച്ചു. കിന്റര്‍ ജോയ് എന്ന് ആളുകള്‍ വിളിക്കുന്നത് വെറുതെയല്ലെന്നായിരുന്നു അന്‍വറിന്റെ പരിഹാസം. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് തനിക്ക് കത്ത് ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ നില്‍ക്കുന്നയാളെ കൊണ്ടുവന്ന് കോണ്‍ഗ്രസ് കൊലച്ചതി ചെയ്യുന്നു. രാഹുല്‍ ഗാന്ധി വരുമെന്ന് തോന്നുന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

Top