മൗനം വെടിഞ്ഞ് രാഹുല്‍; സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല

പാട്‌ന: നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തില്‍ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ജാതി സര്‍വേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറില്‍ സര്‍വേ നടത്തിയത്.

ഇപ്പോഴത്തെ കാലുമാറല്‍ മറുഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എന്‍ഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുല്‍ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരത്തെ വിമര്‍ശിച്ചിരുന്നു. പോയവര്‍ പോകട്ടെയെന്നും ഇന്‍ഡ്യാ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നുമാണ് ഖാര്‍ഗെ പ്രതികരിച്ചത്. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇന്‍ഡ്യാ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

Top