രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

bjp karnataka

അമേഠി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ കള്ളനെന്ന് വിളിച്ച രാഹുല്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ഭീഷണി. രാഹുലിന്റെ അമേഠിയിലെ സന്ദര്‍ശനം നടക്കുന്നതിനെയാണ് ബിജെപി പ്രതിഷേധം ഉയര്‍ത്തിയത്.

പ്രതിഷേധക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖാമുഖം വന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

‘മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ കള്ളത്തരമുണ്ട്. റാഫേല്‍, വിജയ് മല്യ, ലളിത് മോഡി, നോട്ടുനിരോധനം, ഗബ്ബാര്‍ സിങ് ടാക്‌സ് എന്നിവയിലെല്ലാം കള്ളത്തരമുണ്ട്. നരേന്ദ്രമോദിയൊരു കാവല്‍ക്കാരനല്ല, കള്ളനാണെന്ന് ഒന്നിനു പിറകേ ഒന്നായി നമ്മള്‍ തെളിയിക്കും.’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

മോദിയെ കള്ളനെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. ‘രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കില്‍ ഇനി അദ്ദേഹത്തെ ഈ മണ്ഡലത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.’ ബി.ജെ.പി ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഉമാ ശങ്കര്‍ പാണ്ഡെ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി പാവങ്ങളില്‍ നിന്നും പണം തട്ടിപ്പറിച്ച് അനില്‍ അംബാനിക്ക് കൊടുത്തിരിക്കുകയാണെന്നും തിങ്കളാഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Top