രാഹുൽ ഗാന്ധിയുടെ ഭാരത യാത്ര; സുരക്ഷാ സേനയ്ക്കും വൻ ‘വെല്ലുവിളി’

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ രാഹുല്‍ ഗാന്ധി. അവസാന ശ്രമമെന്നു തന്നെ ഭാരത് ജോഡോ യാത്രയെ വിലയിരുത്താവുന്നതാണ്. ബി.ജെ.പിക്ക് ‘ബദല്‍’ കോണ്‍ഗ്രസ്സ് മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഈ യാത്രയില്‍ രാഹുല്‍ നടത്തുന്നുണ്ട്. എന്നാല്‍ ‘എയര്‍ കണ്ടീഷണര്‍ കണ്ടയ്‌നറുകള്‍’ യാത്രയെ അനുഗമിക്കുന്നതും രാഹുല്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ജാഥാംഗങ്ങളുടെ താമസം ഈ കണ്ടയ്‌നറുകളില്‍ ആയതും രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയിട്ടുണ്ട്. 40,000ത്തിനു മുകളില്‍ വിലയുള്ള ബര്‍ബെറി ടി ഷര്‍ട്ട് രാഹുല്‍ ധരിച്ചതും ഇതിനകം വിവാദമായി കഴിഞ്ഞു. മാത്രമല്ല മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ പര്യടനത്തില്‍ നിന്നും ഭാരത് ജോഡോ യാത്രയെ ഒഴിവാക്കിയിരിക്കുകയുമാണ്. 80 ലോകസഭ അംഗങ്ങളെ സംഭാവന ചെയ്യുന്ന യു.പിയിലെ പര്യടനമാകട്ടെ കേവലം രണ്ടു ദിവസമാക്കി ചുരുക്കിയതും പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ജാഥ കടന്നു പോകുന്ന 12 സംസ്ഥാനങ്ങളില്‍ 7 എണ്ണത്തിലും ബി ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളല്ലന്നതും നാം തിരിച്ചറിയണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാധ്യമങ്ങളുടെ ‘പരിലാളന’ ഏറ്റാണ് ജാഥ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

രാഹുല്‍ ഗാന്ധി ‘നടക്കുന്ന’ എന്നതാണ് ഭാരത് ജോഡോ യാത്രയെ ശ്രദ്ധേയമാക്കുന്നത്. ഇതാകട്ടെ യാത്രക്കാര്‍ക്കു മാത്രമല്ല അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്കും ജാഥ കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ പൊലീസിനുമാണ് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. യാത്ര ആരംഭിച്ച തമിഴ്‌നാട് മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ പൊലീസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥയ്ക്ക് സുരക്ഷ ഒരുക്കുക എന്നത് പരമപ്രധാനമായ ദൗത്യമാണ്. തമിഴ്‌നാട് പൊലീസ് ആ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ കേരള പൊലീസാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ജാഥ കര്‍ണ്ണാടകയില്‍ കയറുന്നതു വരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കേരള പൊലീസിനും ഇനി വിശ്രമമുണ്ടാകുകയില്ല. ഗതാഗത ക്രമീകരണം എന്നതിലുപരി രാഹുല്‍ ഗാന്ധിയുടെ സുരക്ഷക്കു തന്നെയാണ് കേന്ദ്ര സുരക്ഷാ സേനയും സംസ്ഥാന പൊലീസും പ്രാധാന്യം നല്‍കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെയും സജീവ സാന്നിധ്യവും ജാഥയില്‍ ഉടനീളം ഉണ്ട്. രാഹുലിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട കമാന്‍ണ്ടോകള്‍ക്കും രാഹുലിനൊപ്പം നടക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി മാത്രം നിയോഗിച്ചിട്ടുണ്ട്. രാഹുല്‍ കയ്യും വീശിയാണ് നടക്കുന്നതെങ്കില്‍ ആധുനിക തോക്കുകള്‍ സഹിതം അതിന്റെ ഭാരം കൂടി ചുമന്നാണ് സുരക്ഷാ ഉദ്യാഗസ്ഥര്‍ നടക്കുന്നത്. അവരെ സംബന്ധിച്ചും ഇതൊരു പുതിയ എക്‌സ്പീരിയന്‍സാണ്.

ജാഥ കടന്നു പോകുന്ന എല്ലാം റൂട്ടുകളിലും രഹസ്യാന്വേഷണ ഏജന്‍സികളും പൊലീസും മുന്‍കൂട്ടി തന്നെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരവധി പൊലീസ് വാഹനങ്ങളും ഭാരത് ജോഡോ യാത്രയ്ക്ക് മുന്‍പിലും പിന്നിലുമായി അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്. അദ്വാനി നടത്തിയ രഥയാത്രയ്ക്കു ശേഷം രാജ്യത്ത് നടക്കുന്ന വലിയ യാത്രയാണിത്. അദ്വാനി നടത്തിയ രഥയാത്രയുടെ റിസ്‌ക്ക് രാഹുലിന്റെ യാത്രയില്‍ പൊലീസ് കാണുന്നില്ലങ്കിലും കാല്‍ നടയാത്രയായതിനാല്‍ അത് പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ശരിക്കും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇതിനിടെ ജാഥയില്‍ പോക്കറ്റടി സംഘം കടന്നുകൂടിയ റിപ്പോര്‍ട്ടും പുറത്തു വന്നു കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. നേമം വെള്ളായണി ജങ്ഷനില്‍ നിന്നും പട്ടത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു പോക്കറ്റടി നടന്നിരിക്കുന്നത്. യാത്രയില്‍ പങ്കെടുത്ത രണ്ടുപേര്‍ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് രേഖാമൂലമാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയില്‍ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായിരിക്കുന്നത്. രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും പല മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പോലീസ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്. അതാണ് ഇപ്പോള്‍ ഇവരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചിരിക്കുന്നത്. ജാഥ തുടങ്ങുമ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നത് ഇനി കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

അതേസമയം സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി പ്രത്യേക കണ്ടെയ്നറിലാണ് രാത്രി താമസിക്കുന്നത്. മറ്റുള്ളവര്‍ ബാക്കിയുള്ള 59 കണ്ടെയ്നറുകളാണ് പങ്കിടുന്നത്. ഈ കണ്ടെയ്‌നറുകള്‍ എല്ലാം ഗ്രാമത്തിന്റെ ആകൃതിയില്‍ എല്ലാ ദിവസവും പുതിയ സ്ഥലത്ത് പാര്‍ക് ചെയ്യുന്നതാണ് രീതി. അതേസമയം മുഴുവന്‍ സമയ യാത്രക്കാര്‍ റോഡരികിരുന്നാണ് ഭക്ഷണം കഴിക്കുക. അവരുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പ്രത്യേക സംവിധാനവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് അനുസരിച്ച് കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ ഭാരത് ജോഡോ യാത്ര തിരുവനന്തപുരം, കൊച്ചി, നിലമ്പൂര്‍, മൈസൂരു, ബെല്ലാരി, റായ്ച്ചൂര്‍, വികാരാബാദ്, നന്ദേഡ്, ജല്‍ഗാവ് ജമോദ്, ഇന്‍ഡോര്‍, കോട്ട, ദൗസ, അല്‍വാര്‍, ബുലന്ദ്ഷഹര്‍, ഡല്‍ഹി, അംബാല, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവടങ്ങളിലൂടെ കടന്നു പോയാണ് ജമ്മുവില്‍ സമാപിക്കുന്നത്.150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിക്കും വിധമാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ഇത്രയും ദൂരമുള്ള പദയാത്ര ആദ്യമാണ്. യാത്രക്ക് ഒരു തെരഞ്ഞെടുപ്പുമായും ബന്ധമില്ലെന്നും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ശ്രമമാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

കണ്ടയ്‌നര്‍ യാത്രയെന്നാണ് ‘ സി.പി.എം നേതാക്കള്‍, ഈ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ പര്യടനം ഒഴിവാക്കിയതിനെയും, സി.പി.എം നേതൃത്വം ചോദ്യം ചെയ്തിട്ടുണ്ട്. ബി.ജെ.പിക്ക് എതിരെ എന്നു പറഞ്ഞ് ആരംഭിച്ച ജാഥ, കേരളത്തില്‍ എത്തിയപ്പോള്‍, ഇടതുപക്ഷത്തിനെതിരായി തിരിച്ചതാണ്, സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജാഥാ പര്യടനത്തില്‍, വിഴിഞ്ഞം, കെ റെയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍, ബോധപൂര്‍വ്വമായ ഇടപെടലാണ്, കോണ്‍ഗ്രസ്സ് നേതൃത്വം നടത്തിയിരിക്കുന്നത്. ഇതോടെയാണ്, ജാഥക്കെതിരെ നിലപാട് കടുപ്പിക്കാന്‍, സി.പി.എമ്മും, നിര്‍ബന്ധിതമായിരിക്കുന്നത്


EXPRESS KERALA VIEW

Top