ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും; വിദ്യാര്‍ഥികളുമായി രാഹുൽ ​ഗാന്ധി സംവദിക്കും

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം സന്ദർശിച്ച ശേഷമാകും യാത്ര തുടങ്ങുക. നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തു വച്ചാണ് കൊല്ലം ജില്ലയിലേക്ക് കടക്കുക. പാരിപ്പള്ളി മുക്കടയിൽ യാത്രയ്ക്ക് ഡിസിസി സ്വീകരണം നൽകും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. ചാത്തന്നൂരിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി സംവദിക്കും.

ഭാരത് ജോഡോ യാത്രയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തുള്ള ലക്ഷോപലക്ഷം ജനങ്ങൾ ആഗ്രഹിക്കുന്നത് ഇവിടെ സമാധാനം ഉണ്ടാകണമെന്നാണ്. ബിജെപിയുടെ അക്രമവും കോപവും കാരണം ജനങ്ങളെ ആഴത്തിൽ ബാധിച്ചു. ഐക്യത്തോടെ പോകുന്ന രാജ്യമാണ് ഇന്ത്യ. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് പോകുകയാണ്. നമ്മുടെ രാജ്യം ഈ അവസ്ഥയിലെത്തിയതിൽ എല്ലാവരും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Top