Rahul Gandhi attacks Modi govt over price rise Live

modi-rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തെ കുറിച്ച് സംസാരിച്ച രാഹുല്‍ ജനങ്ങളുടെ സംരക്ഷകനാകാനിറങ്ങിയ മോദിക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ചു.

രാജ്യത്ത് ധാന്യങ്ങള്‍ക്കും പരിപ്പ് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുയരുകയാണ്. അഴിമതി കാരണം രാജ്യത്ത് പരിപ്പും പയറുവര്‍ഗങ്ങളുടെയും ക്ഷാമം തുടരുകയാണ്. കര്‍ഷക ദ്രോഹപരമായ സര്‍ക്കാര്‍ നിലപാടാണ് ഇതിന് കാരണം. രാജ്യത്തെ ജനങ്ങളുടെ സംരക്ഷകനാകണമെന്ന് നിങ്ങള്‍ തന്നെയല്ലേ പറഞ്ഞിരുന്നത്. ഇപ്പോള്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല കോണ്‍ഗ്രസിനായിരിക്കുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് എംആര്‍പിയും വിപണി വിലയും തമ്മില്‍ 30 രൂപയുടെ മാറ്റം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 130 ആയി ഉയര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിലക്കയറ്റമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പ്രധാനമന്ത്രി ഇതില്‍ എന്താണ് മൗനം പാലിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയെ കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ വിലക്കയറ്റത്തെ കുറിച്ച് ഒന്നും അവകാശപ്പെടാന്‍ നിങ്ങള്‍ക്കാവില്ല. രാജ്യത്തെ എല്ലാവരോടുമായി പ്രധാനമന്ത്രി നടത്തിയ വാഗ്ദാനം ഞാന്‍ ഒര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹമത് മറന്നിട്ടുണ്ട്. നിങ്ങള്‍ തോന്നുന്നത് പോലെ വ്യവസായികളെ സഹായിച്ചോളൂ.. പക്ഷെ രാജ്യത്തെ കര്‍ഷകരെ മറക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

പരിപ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വിലക്കയറ്റം രൂക്ഷമായതോടെ ‘അര്‍ഹര്‍ മോഡി അര്‍ഹര്‍ മോഡി’ എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ മുദ്രാവാക്യം വിളിക്കുന്നതെന്ന് പരിഹസിച്ചാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. പരിപ്പിന്റെ ഹിന്ദി വാക്കാണ് അര്‍ഹര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായ ഹര്‍ഹര്‍ മോദി എന്ന മുദ്രാവാക്യത്തെ പരിഹസിച്ചാണ് രാഹുലിന്റെ പ്രയോഗം.

Top