റെയില്‍വേ സ്വകാര്യവത്കരണം; ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ ജനങ്ങള്‍ പൊറുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

‘റെയില്‍വേ പാവപ്പെട്ട ജനങ്ങളുടെ ജീവനാഡിയാണ്. സര്‍ക്കാര്‍ അതും അവരില്‍ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങള്‍ക്ക് വേണ്ടത് എടുത്തോളൂ. പക്ഷേ ഒന്നോര്‍മിക്കുക, രാജ്യത്തെ ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കും.’ രാഹുല്‍ ട്വീറ്റ് ചെയ്തു.

റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസിനായി കേന്ദ്രം സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരുന്നു.
റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ യാത്രാവണ്ടികള്‍ ഓടിക്കുന്നതിനാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 35 വര്‍ഷത്തേക്കുള്ള കരാറാണ് സ്വകാര്യ മേഖലയുമായി റെയില്‍വേ ഒപ്പുവെക്കുക.

109 റൂട്ടുകളിലായി 151 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍ദേശമാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ആകെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.

Top