മോദിയുടെ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളിമാര്‍ക്കു വേണ്ടി മാത്രം;രാഹുല്‍

ന്യൂഡല്‍ഹി: മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളി സുഹൃത്തുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബജറ്റിന് മുന്നോടിയായുള്ള യോഗങ്ങളെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളില്‍ മോദിക്ക് യാതൊരു താത്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘മോദിയുടെ എക്കാലത്തെയും വിപുലമായ ബജറ്റ് കൺസൾട്ടേഷൻ, മുതലാളിത്ത സുഹൃത്തുക്കൾക്കും അതിസമ്പന്നർക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു. നമ്മുടെ കൃഷിക്കാർ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായികൾ, മധ്യവർഗ നികുതിദായകർ എന്നിവരുടെ കാഴ്ചപ്പാടുകളിലോ ശബ്ദങ്ങളിലോ അദ്ദേഹത്തിന് യാതൊരു താൽപ്പര്യമില്ല’ – രാഹുല്‍ വ്യക്തമാക്കി.

ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി വിവിധ മേഖലകളിലെ വ്യവസായ പ്രമുഖകരുമായി കഴിഞ്ഞ ദിവസം മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചും നേരത്തെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമൊക്കെ പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വാണിജ്യ – റെയില്‍വെ മന്ത്രി പിയുഷ് ഗോയലും യോഗത്തിലുടനീളമുണ്ടായിരുന്നു.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്ന് ആശയങ്ങള്‍ തേടുന്ന യോഗമായിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. പക്ഷെ, ആ യോഗത്തില്‍ ധനമന്ത്രിയുണ്ടായിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിന് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്.

Top