പ്രതിബന്ധങ്ങളെ തകര്‍ത്ത് രാഹുലും പ്രിയങ്കയും ഹാത്‌റസില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും കൂടെയുണ്ട്

വീടിനകത്തേക്ക് കയറി കുടുംബാഗങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഞ്ചുപേര്‍ക്ക് ഹാത്‌റസിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

പ്രിയങ്ക ഓടിക്കുന്ന വാഹനത്തില്‍ രാഹുലും പിന്നാലെയുള്ള വാഹനങ്ങളില്‍ കോണ്‍ഗ്രസ് എം.പിമാരും ചേര്‍ന്നാണ് ഡല്‍ഹിയില്‍നിന്ന് ഹാത്‌റസിലേക്ക് പുറപ്പെട്ടത്. 30ല്‍ അധികം എം.പിമാര്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്നു. അതിനിടെ കോണ്‍ഗ്രസ് യു.പി പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

Top