ആവേശത്തിരയിളക്കി വയനാട്ടിലേക്ക് രാഹുലും പ്രിയങ്കയും ; കോഴിക്കോട് ഉജ്ജ്വല വരവേൽപ്

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി.

രാഹുലിനും മുന്‍പേ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയിരുന്നു. എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ രാഹുലിനായി കാത്തിരുന്ന പ്രിയങ്ക രാഹുലിനൊപ്പം ഒരുമിച്ചാണ് പുറത്തേക്ക് വന്നത്. ഇന്ന് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ അദ്ദേഹം വയനാട് കളക്ടറേറ്റിൽ എത്തി അദ്ദേഹം പത്രിക സമർപ്പിക്കും.

കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബസ് സ്റ്റാന്‍റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് തീരുമാനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്‍റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോൺഗ്രസ് തീരുമാനം.

രാഹുലിന്‍റെ വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ചര്‍ച്ച ചെയ്യാൻ മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേര്‍ന്നിരുന്നു. കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ ,പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്‍റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Top