തെലങ്കാനയില്‍ വിജയഭേരി ബസ് യാത്ര നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ‘വിജയഭേരി’ ബസ് യാത്ര നടത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മുലുഗുവിലെ രാമപ്പ ക്ഷേത്രത്തില്‍ ഇരുവരും പ്രാര്‍ഥിച്ചു. തുടര്‍ന്നാണ് രാമാനുജപുരത്തേക്ക് 30 കിലോമീറ്റര്‍ ബസ് യാത്ര തുടങ്ങിയത്. മുലുഗു, ഭൂപാല്‍ പള്ളി ഭാഗങ്ങളില്‍ കാത്തുനിന്ന് സ്ത്രീകളുമായി രാഹുലും പ്രിയങ്കയും സംവദിച്ചു.

തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി മൂന്നുദിവസം തെലങ്കാനയിലുണ്ടാകും. പൊതുസമ്മേളനങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസ്. സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരം തങ്ങള്‍ക്കു വലിയ നേട്ടമാകുമെന്നും അവര്‍ പറഞ്ഞു.

ആറ് ഉറപ്പുകളാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2500 രൂപ, വീടുകളില്‍ 200 യൂണിറ്റ് സൗജന്യവൈദ്യുതി എന്നിവ അതിലുള്‍പ്പെടുന്നു. രാഹുലിന്റെ റാലികളില്‍ ഇതിന് പരമാവധി പ്രചാരണം നല്‍കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തെലങ്കാനയിലെ 199 അംഗ നിയമസഭയിലേക്ക് നവംബര്‍ 30-നാണ് തിരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്രമോദി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സര്‍ക്കാരാണ് തെലങ്കാനയിലേതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തെ 40 ലക്ഷത്തോളം യുവാക്കള്‍ തൊഴിലില്ലാതെ ദുരിതമനുഭവിക്കുകയാണ് -പ്രിയങ്ക മുലുഗുവില്‍ നടന്ന പ്രചാരണസമ്മേളനത്തില്‍ ആരോപിച്ചു.

Top