രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും വീണ്ടും ഹത്രാസിലേക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക്. പ്രിയങ്കാഗാന്ധി വദ്രയും ഇവര്‍ക്കൊപ്പമുണ്ടാകും. വ്യാഴാഴ്ച യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു.പി. പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹത്രാസിലെത്തിയത്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയണമെന്നും പൊലീസിനോട് ശബ്ദമുയര്‍ത്തി രാഹുല്‍ ആവശ്യപ്പെട്ടു.

ക്രമസമാധാനം തകര്‍ത്തതിന് ഐ.പി.സി. 188 പ്രകാരമാണ് അറസ്റ്റെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുള്‍പ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Top