രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ

ചത്തീസ്ഗഡ്: രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മോദി കഴിഞ്ഞ നാലു വര്‍ഷമായി എന്തു ചെയ്യുകയായിരുന്നെന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ചത്തീസ്ഗഡില്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയോട് ചോദിച്ചു അദ്ദേഹം നാല് വര്‍ഷമായി എന്ത് ചെയ്യുകയാണെന്ന്. ഇതിന് ഉത്തരം പറയേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ജനങ്ങളാണ് അധികാരത്തിലിരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തന്നത്. നിങ്ങള്‍ നാല് വര്‍ഷത്തോളമായി ചോദിച്ചത് ജനങ്ങള്‍ നിങ്ങളോട് കഴിഞ്ഞ നാല് തലമുറയായി ചോദിക്കുകയാണ്. എന്തു കൊണ്ടാണ് നിങ്ങള്‍ ഭരിച്ചപ്പോള്‍ യാതൊരു വികസനവുമില്ലാതിരുന്നത്- അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യാതിര്‍ത്തികളെ സംരക്ഷിക്കുന്നു. രാവും പകലും പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. പക്ഷേ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അതില്ലാതെയായി. ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് ബഹുമാനമുള്ള സ്ഥാനമുണ്ടാക്കിയെടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Top