കേന്ദ്ര ഏജൻസി, കേന്ദ്ര സർക്കാറിന്റെ ആയുധമെന്ന് രാഹുൽ ഗാന്ധിയും . . .

കോണ്‍ഗ്രസ്സിന് ആരാണ് രാഹുല്‍ ഗാന്ധി എന്നതിന് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളാണ് മറുപടി നല്‍കേണ്ടത്. രാഹുലിന്റെ നിലപാട് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇനി മിണ്ടാതിരിക്കുകയാണ് വേണ്ടത്. കേന്ദ്ര ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുകയാണെന്നാണ് രാഹുല്‍ തുറന്നടിച്ചിരിക്കുന്നത്. താനും ഇത്തരം ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവായി രാഹുലിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ നേതാക്കള്‍ ഇപ്പോഴത്തെ നിലപാട് തിരുത്തുകയാണ് വേണ്ടത്. കേരളത്തിന് പുറത്ത് കേന്ദ്ര ഏജന്‍സികള്‍ കുഴപ്പക്കാരും കേരളത്തില്‍ മാത്രം സത്യസന്ധരും എന്ന നിലപാട് ഇരട്ടതാപ്പാണ്.

ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം കൊണ്ട് വന്നത് തന്നെ കോണ്‍ഗ്രസ്സ് എം.എല്‍.എ അനില്‍ അക്കരെയാണ്. വിഷയം ഏറ്റെടുത്തത് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനുമാണ്. പ്രതിഷേധം സംഘടിപ്പിച്ചതും ബി.ജെ.പിയും യു.ഡി.എഫുമാണ്. ഒടുവില്‍ കോടതിക്ക് തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെട്ട് റെഡ് സിഗ്നല്‍ ഉയര്‍ത്തേണ്ടി വന്നിരിക്കുന്നത്. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഹൈക്കോടതിയില്‍ നിന്നും സി.ബി.ഐക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു കേന്ദ്ര ഏജന്‍സി എത്ര നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഒക്ടോബര്‍ 20ന് കോടതിയില്‍ സംഭവിച്ചിരിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അന്വേഷണത്തിന്റെ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ എതിര്‍ സത്യവാങ്മൂലം പോലും നല്‍കാതെ ഹര്‍ജിയുമായി എത്തിയതാണ് സി.ബി.ഐക്ക് കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഹൈകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.

കേസില്‍ ഇപ്പോള്‍ വാദത്തിന് തയ്യാറാണോ എന്ന് സിബിഐ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്‍ നല്‍കിയിരുന്ന മറുപടി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്ന നിലപാടാണ് അഭിഭാഷകന്‍ സ്വീകരിച്ചിരുന്നത്. ഒരു എതിര്‍ സത്യവാങ്മൂലം പോലും ഫയല്‍ ചെയ്യാതെ കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിനും വ്യക്തമായ മറുപടി സി.ബി.ഐ അഭിഭാഷകനുണ്ടായിരുന്നില്ല. സിബിഐയുടെ ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ബി. വിശ്വനാഥന്‍ ചൂണ്ടിക്കാണിച്ചത്.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്താനാണ് ഹര്‍ജിയുമായി സമീപിച്ചതെന്നും അദ്ദേഹം വാദിക്കുകയുണ്ടായി. കേസില്‍ ഇപ്പോള്‍ സ്റ്റേ നിലവിലുണ്ട്. അതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പോലും സിബിഐ തയ്യാറായിട്ടില്ലന്നും വിശ്വനാഥന്‍ തുറന്നടിച്ചു. ഇതിനു ശേഷമാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചത്. ഈ കേസില്‍ പുതിയ ഹര്‍ജി ഇനി സി.ബി.ഐ നല്‍കിയാലും ലൈഫ് മിഷനെതിരായ അന്വേഷണത്തിന് സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. വിഷയം ലൈവായി നിര്‍ത്താനാണ് സി.ബി.ഐ ശ്രമിച്ചിരുന്നത്. അതാണിപ്പോള്‍ പാളിയിരിക്കുന്നത്.

എതിര്‍ സത്യവാങ്മൂലത്തില്‍ കൃത്യമായി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തിരിച്ചടിക്കാനാണ് സാധ്യത. സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് നല്‍കിയ ഹര്‍ജിയിലാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നതാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഹര്‍ജിയില്‍ സി.ഇ.ഒ ചൂണ്ടിക്കാണിച്ചിരുന്നു.

പദ്ധതിക്കായി ഭൂമി കണ്ടെത്തി നല്‍കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തിരുന്നത്. അതല്ലാതെ നടത്തിപ്പില്‍ ഒരു പങ്കുമുണ്ടായിരുന്നില്ലന്നാണ് വാദം. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നിലവില്‍ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഈ സ്റ്റേ നീക്കാതെ തുടരന്വേഷണം സാധ്യമാകില്ലന്ന നിലപാടിലാണ് സി.ബി.ഐയുമുള്ളത്.

ലൈഫ് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രി ആയതിനാല്‍ ഈ കേസില്‍ പ്രത്യേക താല്‍പ്പര്യം കേന്ദ്ര സര്‍ക്കാറിനും ഉണ്ട്. അതുകൊണ്ടാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ തന്നെ കൊണ്ടുവരാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സ്വര്‍ണ്ണക്കടത്ത് ആരോപണം പോലെ ലൈഫിലെ ആരോപണവും ഉണ്ടയില്ലാ വെടിയായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Top