രാഹുൽ ഗാന്ധി വീണ്ടും പദവിയിലേക്ക് ? കോൺഗ്രസ്സിൽ സമ്മർദ്ദം ശക്തമാവുന്നു

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ച് ഒഴിഞ്ഞിട്ട് 5 മാസം തികഞ്ഞിരിക്കുന്നു. ഈ ദിവസം വരെ പകരം ഒരാളെ ആ കസേരയില്‍ സ്ഥിരമായി ഇരുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നേതാവില്ലാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് കേള്‍ക്കാതിരിക്കാന്‍ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കി അവരോധിച്ച് തല്‍ക്കാലത്തേക്ക് ആ നാണക്കേട് മറച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

നാല് പേജ് കത്തെഴുതിയാണ് രാഹുല്‍ ഗാന്ധി നാടകീയമായി സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പിച്ച പ്രചരണ പരിപാടികള്‍ വിജയം കാണാതെ പോയതോടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ രാജിവെച്ച് ഒഴിഞ്ഞത്. പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിക്ക് ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയട്ടെ എന്ന അദ്ദേഹത്തിന്റെ ആശംസ ഫലം കാണാതെ പോകുമെന്നതാണ് അവസ്ഥ.

പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും ഒന്നും തീരുമാനമായില്ല. ഇടക്കാല പ്രസിഡന്റിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് നടത്തി സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുകയാണ്. എന്നാല്‍ എതിരില്ലാതെ നേതൃസ്ഥാനത്തേക്ക് എത്തിയ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 2019 പൊതുതെരഞ്ഞെടുപ്പില്‍ 8 സീറ്റുകള്‍ മാത്രം അധികം നേടി നല്‍കിയാണ് രാഹുല്‍ സേവനം മതിയാക്കിയത്.

ഗ്രൂപ്പുകളിയും, രണ്ടാം നിരയില്‍ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതെ പോയതുമാണ് കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ പാരയായത്. കേന്ദ്ര നേതൃത്വം മുതല്‍ സംസ്ഥാനങ്ങളില്‍ വരെ നീണ്ടുനില്‍ക്കുന്ന ഈ വിഘടന രീതിയെ മറികടക്കാന്‍ പറ്റിയ നേതാക്കള്‍ നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാളില്ല.

ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗെലാണ് രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരണമെന്ന് തുറന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ഏതെങ്കിലും ഭാവി നേതാവുണ്ടെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രമാകും. സത്യസന്ധതയും, ഉത്തരവാദിത്വം എടുക്കുന്ന വ്യക്തിയുമാണ് രാഹുല്‍ ഗാന്ധിയെന്നും ഭൂപേഷ് കൂട്ടിച്ചേര്‍ത്തു.

ഒരുവട്ടം കൂടി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ രാഹുല്‍ ഗാന്ധിക്ക് യോഗമുണ്ടെന്നാണ് ഈ വാക്കുകള്‍ നല്‍കുന്ന സൂചന. അമ്മയുടെ പഴയ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ തന്റെ ഇഷ്ടപ്രകാരമുള്ള പുതിയ ടീമിനൊപ്പം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചാല്‍ രാഹുലിന്റെ ആ തിരിച്ചുവരവ് വിദൂരമല്ല.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പരസ്പരം പോരാടുകയും സ്വന്തം നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി രാഹുല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പ് കളിയും, സ്വന്തം കാര്യം സിന്ദാബാദ് അവസാനിക്കുകയും ചെയ്യണമെങ്കില്‍ രാഹുല്‍ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും

Suchitra Sivadas

Top